Crime

ഒമ്പത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് 27 കാരി മാതാവ് വിഷം കൊടുത്തു ; കുട്ടിരക്ഷപ്പെട്ടു, അമ്മ തൂങ്ങിമരിച്ചു

ചന്ദ്രാപൂര്‍: മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ ഒമ്പത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് 27 കാരി മാതാവ് വിഷം കൊടുത്ത ശേഷം തൂങ്ങിമരിച്ചു. സംഭവത്തില്‍ മാതാവ് മരണമടഞ്ഞപ്പോള്‍ വിഷം ഉള്ളില്‍ ചെന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. യുവതിയുടെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ പോലീസ് കേസെടുത്തു. ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ നേരത്തേ യുവതിയുടെ മാതാവ് മകളെ പീഡിപ്പിക്കന്നതായി പരാതി നല്‍കിയ സാഹചര്യത്തിലാണ് കേസെടുത്തിരിക്കുന്നത്.

പല്ലവി വിനോദ് ധോക്കേ എന്ന യുവതി മുംബൈയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ഷഗോവന്‍ ഗ്രാമത്തിലെ തന്നെ വിവാഹം കഴിച്ചുകൊണ്ടുവന്ന വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു പിഞ്ചുകുഞ്ഞിന് കൊടുംവിഷം നല്‍കി ആത്മഹത്യ ചെയ്തത്. ദൂരെ പോയ വീട്ടുകാര്‍ തിരിച്ചു വന്നപ്പോള്‍ പല്ലവിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പെട്ടെന്ന് തന്നെ കുടുംബം അമ്മയെയും മകളെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും പല്ലവി മരണമടഞ്ഞിരുന്നു.

എന്നാല്‍ മരണത്തെ അതിജീവിച്ച പിഞ്ചുകുഞ്ഞിനെ ഉടന്‍ തന്നെ ചന്ദ്രാപൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും കുട്ടിയുടെ നില മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ കുടുംബം മകളെ നിരന്തരം പീഡിപ്പിച്ചിരുന്നതായി നേരത്തേ പല്ലവിയുടെ മാതാവ് ആരോപിച്ചിരുന്നു. പല്ലവിയുടെ ഭര്‍ത്താവും വീ്ട്ടുകാരും മകളെ നിരന്തരം പീഡിപ്പിച്ചിരുന്നതായിട്ടാണ് ആരോപണം.