Featured Sports

‘ഇതൊക്കെ ഒത്തുകളിയാ.. അല്ലാതെ പിന്നെ’: സ്റ്റംപ് മുന്നിലുണ്ടായിട്ടും സൂപ്പർതാരം ബെയിൽസ് തെറിപ്പിച്ചില്ല! വ്യാപക വിമർശനം– വിഡിയോ

ഷാർജ : ഐഎൽടി20 ടൂർണമെന്റിൽ ദുബായ് ക്യാപിറ്റൽസും ഷാർജ വാരിയേഴ്സും തമ്മിൽ നടന്ന മത്സരത്തിൽ, എളുപ്പമുള്ള റണ്ണൗട്ട് അവസരം പാഴാക്കിയ സിംബാബ്‌വെ താരം സിക്കന്ദർ റാസ വിവാദത്തിൽ . വെള്ളിയാഴ്ച ഷാർജ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ആദ്യം പന്തെറിഞ്ഞ ഷാർജ വാരിയേഴ്സ് ദുബായ് ക്യാപിറ്റൽസിനെ 126 റൺസിന് ഓൾഔട്ടാക്കി. തുടർന്ന് 13 ഓവറിൽ ലക്ഷ്യം മറികടന്ന് ഏഴ് വിക്കറ്റിന്റെ അനായാസ ജയം നേടി.

ഒരുപക്ഷത്തേക്ക് ചാഞ്ഞ ഈ മത്സരത്തിൽ ദുബായ് ബാറ്റിങ്ങിനിടെയാണ് ഷാർജ താരമായ റാസയ്ക്ക് തെറ്റ് പറ്റിയത്. എളുപ്പത്തിൽ റണ്ണൗട്ടാക്കാമായിരുന്ന ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസിന് നിർണായകമായൊരു ജീവൻ കൂടി ലഭിക്കാൻ ഈ പിഴവ് കാരണമായി.

ഇന്നിങ്‌സിലെ ഏഴാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. മാക്സ് ഹോൾഡൻ പന്ത് തട്ടിയിട്ടതോടെ നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന ഡുപ്ലെസി സിംഗിളിനായി ഓടി. എന്നാൽ കവറിലുണ്ടായിരുന്ന ഫീൽഡർ പന്ത് നന്നായി തടഞ്ഞ് വേഗത്തിൽ റാസയുടെ കൈകളിലേക്ക് എറിഞ്ഞു.

അപകടം തിരിച്ചറിഞ്ഞ ഹോൾഡൻ റൺ വേണ്ടെന്നുവെച്ചെങ്കിലും ഡുപ്ലെസി പാതിവഴിയിലായിരുന്നു. ഇതോടെ ക്രീസിലേക്ക് തിരികെ ഓടാൻ താരം തിടുക്കം കൂട്ടി. ക്രീസിൽനിന്ന് ഏറെ അകലെയായിരുന്ന ഡുപ്ലെസിസിനെ റണ്ണൗട്ടാക്കാൻ റാസയ്ക്ക് നല്ല അവസരമായിരുന്നു. എങ്കിലും പന്ത് കൈയിലൊതുക്കിയിട്ടും സ്റ്റംപിലെ ബെയിൽസ് ഇളക്കാൻ താരത്തിന് സാധിച്ചില്ല. തെറ്റ് മനസ്സിലാകുമ്പോഴേക്കും സമയം കടന്നുപോയിരുന്നു. ഒടുവിൽ ഡൈവ് ചെയ്ത് ഡുപ്ലെസി ക്രീസിലെത്തി. ഇതിനിടെ താരത്തിന്റെ തോളിന് പരുക്കേൽക്കുകയും ചെയ്തു.

ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. നിർണായക അവസരം നഷ്ടപ്പെടുത്തിയ റാസയ്‌ക്കെതിരെ നിരവധി ആരാധകർ വിമർശനവുമായി രംഗത്തെത്തി. ‘ഇത് തീർത്തും ഒത്തുകളിയാണെന്ന് തോന്നുന്നു. ബാറ്ററെ എങ്ങനെയാണ് അയാൾക്ക് കാണാൻ കഴിയാതെ പോയത്?’ എന്ന് ഒരാൾ ചോദിച്ചപ്പോൾ, ‘ഒട്ടും സമയോചിതമായ ബുദ്ധിയോ വിവേകമോ ഇല്ല’ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

ഐഎൽടി20 അഞ്ചാം സീസണിൽ ദുബായ് ക്യാപിറ്റൽസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഷാർജ വാരിയേഴ്സ് ആദ്യ പോയിന്റുകൾ നേടി. മികച്ച ബോളിങ് കാഴ്ചവെച്ച ജുനൈദ് സിദ്ദീഖാണ് ഷാർജയുടെ വിജയത്തിന് അടിത്തറയിട്ടത്. 25 റൺസ് വിട്ടുകൊടുത്ത് താരം മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങൾക്കിടെ രണ്ടാം തവണയാണ് ദുബായ് ക്യാപിറ്റൽസ് ഓൾഔട്ടാകുന്നത്. ദുബായ് 126 റൺസിന് പുറത്തായപ്പോൾ ആദം മിൽനെയും (2/19) റിച്ചാർഡ് ഗ്ലീസണും (2/23) രണ്ട് വിക്കറ്റ് വീതം എടുത്തു.

മറുപടി ബാറ്റിങ്ങിൽ ടിം സീഫെർട്ടും പോൾ വാൾട്ടറും ചേർന്ന് ഷാർജയ്ക്ക് മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 82 റൺസ് നേടി. സീഫെർട്ട് 20 പന്തിൽ 41 റൺസെടുത്തപ്പോൾ വാൾട്ടർ 25 പന്തിൽ 42 റൺസ് അടിച്ചു. തുടർന്ന് ബ്രാൻഡൻ മക്മുള്ളൻ 19 പന്തിൽ പുറത്താകാതെ നേടിയ 26 റൺസിന്റെ കരുത്തിൽ ഷാർജ 13 ഓവറിൽ വിജയലക്ഷ്യം കണ്ടു.