ഭാര്യമാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ ഗുംലയില്‍ നിന്നുള്ള മിനിപ്രിയ (28), രാധിക കുമാരി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവശങ്കര്‍ സാഹു, സഹോദരന് നവിന് സാഹു എന്നിവരാണ് പിടിയിലായത്. കാണാതായ യുവതികളെ തിരക്കിയെത്തിയ പൊലീസിനോട് ഇരുവരും അനുവാദമില്ലാതെ വീടുവിട്ടുപോയി എന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തായത്.
കഴിഞ്ഞ ഞായറാഴ്ച മിനിയും രാധികയുമായി വലിയ തര്‍ക്കമുണ്ടായെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇതിനെത്തുടര്‍ന്ന് വീട്ടിലും സംസാരമുണ്ടായി. തിങ്കളാഴ്ച രാത്രിയില്‍ നവിനും ശിവശങ്കറും ചേര്‍ന്ന് കോടാലി ഉപയോഗിച്ച് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ശിവശങ്കറിന്റെ ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ കയറ്റി അടുത്ത ജില്ലയുടെ അതിര്‍ത്തിയിലെ കാട്ടില്‍ കൊണ്ടുപോയി കുഴിച്ചുമൂടി.
പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മൃതദേഹങ്ങള്‍ മറവ് ചെയ്ത സ്ഥലം പ്രതികള്‍ പറഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് മണ്ണ് മാറ്റി രണ്ട് മൃതദേഹങ്ങളും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു.
തിങ്കളാഴ്ച രാത്രി ഒന്‍പത് മണിക്ക് ശേഷം മകളെ ഫോണില്‍ കിട്ടുന്നില്ലെന്നും ഭര്‍ത്താവിന്റെ മറുപടി തൃപ്തികരമല്ലെന്നും മിനിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയതാണ് കേസില്‍ വഴിത്തിരിവായത്. ഈ പരാതിയില്‍ ശിവശങ്കറിനും നവിനുമെതിരെ കേസെടുക്കുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു.




