അവശ്യസാധനങ്ങൾ അതിവേഗം എത്തിക്കുന്ന ഡെലിവറി ആപ്പായ ബ്ലിങ്കിറ്റിൽ ഡെലിവറി പങ്കാളികളായി കൂടുതലും പുരുഷന്മാരെയാണ് കാണാറുള്ളത്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നത് ബ്ലിങ്കിറ്റിൽ ജോലി ചെയ്യുന്ന ഒരു വനിതയാണ്. ഭർത്താവിന്റെ വിയോഗത്തോടെ കുടുംബത്തിന്റെ ഏക അത്താണിയായി മാറിയ മുപ്പത്തിയേഴുകാരി. ഇന്ന് ബ്ലിങ്കിറ്റ് ഡെലിവറി പാർട്ണറായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന മൗമിത നാഥിന്റെ കഥയാണ് ആളുകളുടെ മനം കവരുന്നത്. ബംഗാളിലെ മൗമിത നാഥിന്റെ ജീവിതം അതിജീവനത്തിന്റെ യഥാർത്ഥ കഥയാണ്.
2023-ൽ ഉണ്ടായ ട്രെയിൻ അപകടത്തിലാണ് 37-കാരിയായ മൗമിതയ്ക്ക് ഭർത്താവിനെ നഷ്ടമായത്. അതോടെ കുടുംബത്തിന്റെ മുഴുവൻ ഭാരവും അവരുടെ തോളിലായി. 20 വയസ്സുള്ള മകളും പ്രായമായ ഭർതൃമാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന് താങ്ങാകേണ്ട ഉത്തരവാദിത്തം മൗമിത ധൈര്യത്തോടെ ഏറ്റെടുത്തു.
കുടുംബം പോറ്റാൻ ജോലി തേടിയിറങ്ങിയ മൗമിത ആദ്യം ഒരു ഡെന്റൽ ക്ലിനിക്കിലും പിന്നീട് ടെലി കോളിങ് കമ്പനിയിലും ജോലി ചെയ്തു. എന്നാൽ കുറഞ്ഞ ശമ്പളവും നീണ്ട ജോലി സമയവും യാത്രാബുദ്ധിമുട്ടുകളും കുടുംബത്തിനായി സമയം മാറ്റിവെക്കാൻ തടസ്സമായി. ഒടുവിൽ സ്വന്തം നാട്ടിലെ ബ്ലിങ്കിറ്റ് ഡാർക്ക് സ്റ്റോറിലെത്തി ഡെലിവറി പാർട്ണറായി ജോലി ചെയ്യാൻ താൽപര്യം അറിയിക്കുകയായിരുന്നു. മെച്ചപ്പെട്ട വരുമാനവും സമയക്രമത്തിൽ കൂടുതൽ സൗകര്യവും പ്രതീക്ഷിച്ചാണ് അവർ ഈ തീരുമാനമെടുത്തത്.
ഉച്ച മുതൽ വൈകുന്നേരം വരെയാണ് മൗമിത പ്രധാനമായും ഡെലിവറി ജോലികൾ ചെയ്യുന്നത്. ഇതുവഴി വരുമാനം നേടുന്നതിനൊപ്പം മകൾക്കും പ്രായമായ ഭർതൃമാതാപിതാക്കൾക്കുമൊപ്പം സമയം ചെലവഴിക്കാനും അവർക്ക് സാധിക്കുന്നു. മകളുടെ ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുക, സ്വന്തമായി ഒരു വീട് വെക്കുക എന്നിവയാണ് ഇനി മൗമിതയുടെ മുന്നിലുള്ള രണ്ട് വലിയ ലക്ഷ്യങ്ങൾ.




