Featured Spotlight

യു.എസ്. വിടുക, രാജിവച്ച് നാട്ടിലേയ്ക്ക് മടങ്ങാം; ഐ.ബി.എമ്മിലെ ഇന്ത്യന്‍ ടെക്കികള്‍ ത്രിശങ്കുവില്‍

ന്യൂയോർക്ക്: പ്രമുഖ ടെക് കമ്പനിയായ ഐബിഎം കൺസൾട്ടിങ് വിഭാഗത്തിലെ മിക്ക തസ്തികകളിലും യുഎസ് വിസ, ഗ്രീൻ കാർഡ് സ്പോൺസർഷിപ്പുകൾ നിർത്തലാക്കി. ഒന്നര ലക്ഷം ജീവനക്കാരുള്ള കമ്പനിയിലെ ഏറ്റവും വലിയ വിഭാഗമാണിത്. കമ്പനി വിടുക, മറ്റൊരു രാജ്യത്തേക്ക് മാറുക, സ്വന്തം നാട്ടിലേക്ക് മടങ്ങുക, മറ്റൊരു സ്പോൺസറെ കണ്ടെത്തുക എന്നിവയിൽ ഏതെങ്കിലും ഒരു വഴി തിരഞ്ഞെടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. യുഎസിൽ എച്ച്-1ബി വിസയിൽ ജോലി ചെയ്ത് ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നവരിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്.

വിദേശത്തുള്ള തസ്തികകളിലേക്ക് മാറുന്നതിനെക്കുറിച്ച് തീരുമാനിക്കാൻ ജീവനക്കാർക്ക് ഐബിഎം മൂന്നാഴ്ചത്തെ സമയം നൽകിയിട്ടുണ്ട്. മാറാൻ തയ്യാറാകാത്തവർക്ക് മൂന്ന് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകും. ഡിസംബർ 31 വരെ മാത്രമേ ജോലിയിൽ തുടരാനാകൂ. ഐബിഎമ്മിൽ തുടരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക് സ്വന്തം നാട്ടിലേക്കുള്ള മാറ്റം ഒരു പരിഹാരമായേക്കാം. കമ്പനിയുടെ കരിയർ പോർട്ടലിൽ യുഎസിന് പുറത്ത് 1,278 കൺസൾട്ടിങ് ഒഴിവുകളാണുള്ളത്. ഇതിൽ 1,125 ഒഴിവുകളും ഇന്ത്യയിലാണ്. സിംഗപ്പൂരിൽ 23 ഒഴിവും യുകെയിൽ 18 ഒഴിവുമുണ്ട്.

മടക്കം സ്വന്തം നാട്ടിലേക്കായാലും വർഷങ്ങളായി യുഎസിൽ കുടുംബത്തോടൊപ്പം കഴിയുന്നവർക്കും സ്ഥിരതാമസം ആഗ്രഹിക്കുന്നവർക്കും അത് വ്യക്തിപരമായി വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. സ്വന്തം രാജ്യത്ത് ഐബിഎമ്മിലെ ജോലി നിലനിർത്തിയാലും ശമ്പളത്തിൽ വലിയ കുറവ് വരാനും സാധ്യതയുണ്ട്. ഐബിഎം വിടാനുള്ള തീരുമാനമാകട്ടെ ജോലിയിലും കുടിയേറ്റ നിലയിലും അനിശ്ചിതത്വം സൃഷ്ടിക്കും.

ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള വിസ പദ്ധതികളെ ആശ്രയിക്കേണ്ട സാഹചര്യം കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുറഞ്ഞുവരികയാണെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. ഇടപാടുകാരുടെ മാറുന്ന ആവശ്യങ്ങളും വിദഗ്ധ ജീവനക്കാരുടെ ലഭ്യത കൂടിയതുമാണ് മാറ്റത്തിന് കാരണം. ട്രംപ് ഭരണകൂടം തൊഴിലധിഷ്ഠിത കുടിയേറ്റത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് ഐബിഎമ്മിന്റെ ഈ തീരുമാനം.

പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിൽ വിദേശ പ്രൊഫഷണലുകളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന പദ്ധതിയാണ് എച്ച്-1ബി വിസ. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ (2.83 ലക്ഷം പേർ, 69.9%) ഇന്ത്യക്കാരാണ്. 12.1 ശതമാനവുമായി ചൈനയാണ് വളരെ പിന്നിൽ രണ്ടാം സ്ഥാനത്ത്. അംഗീകരിച്ച എച്ച്-1ബി അപേക്ഷകളുടെ എണ്ണം 2024 സാമ്പത്തിക വർഷത്തിൽ 3,99,402 ആയിരുന്നത് 2025 സാമ്പത്തിക വർഷത്തിൽ 3,28,185 ആയി കുറഞ്ഞു. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

യുഎസ് ഇമിഗ്രേഷൻ കണക്കുകൾ പ്രകാരം 2025 ബജറ്റ് വർഷത്തിൽ 2,045 എച്ച്-1ബി അംഗീകാരങ്ങൾ നേടിയ ഐബിഎമ്മിന് ഈ വർഷം 1,611 അംഗീകാരങ്ങൾ മാത്രമാണ് ലഭിച്ചത്. സ്വന്തം കരിയർ ഒരൊറ്റ തൊഴിലുടമയുടെ വിസ സ്പോൺസർഷിപ്പ് ശേഷിയെ എത്രത്തോളം ആശ്രയിച്ചിരിക്കുന്നുവെന്ന് പുനരാലോചിക്കാൻ ഐബിഎം അനുഭവം യുഎസിലെ ഇന്ത്യൻ പ്രൊഫഷണലുകളെ പ്രേരിപ്പിച്ചേക്കാം.