ബൈബിളിനെ ആസ്പദമാക്കി വി.ഡി. സതീശൻ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമായ ‘ആദം നീ എവിടെയാകുന്നു’ എന്ന പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് കണ്ണൂർ സ്വദേശിനി. എഴുത്തുകാരിയും വിവർത്തകയും അധ്യാപികയുമായ റൗഫ് റൂമിയാണ് പുസ്തകം ഇംഗ്ലീഷിലേക്ക് മാറ്റിയത്. ‘ആദം വേർ ആർട്ട് തൗ?’ എന്ന പേരിലാണ് ഇംഗ്ലീഷ് പരിഭാഷ.
ഹിന്ദുമത വിശ്വാസിയായ ഒരു രാഷ്ട്രീയ നേതാവ് ക്രിസ്തുമതത്തെ അടുത്ത് അറിയാൻ നടത്തിയ ശ്രമങ്ങളുടെ അടയാളമായ പുസ്തകം ഇസ്ലാംമത വിശ്വാസിയായ യുവതി വിവർത്തനം ചെയ്യുന്നു എന്ന പ്രത്യേകതയാൽ ദേശീയ തലത്തിലും ഈ പുസ്തകം ശ്രദ്ധ നേടുകയാണ്.
മറ്റു മതങ്ങളെ മനസ്സിലാക്കാനും ബഹുമാനിക്കാനും നടത്തുന്ന ഇത്തരം ശ്രമങ്ങളെ സമൂഹമാധ്യമങ്ങളും പ്രശംസിക്കുന്നുണ്ട്. താനൊരു ഇസ്ലാംമത വിശ്വാസിയാണെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കാനാണ് സ്വന്തം വിശ്വാസം പഠിപ്പിക്കുന്നതെന്നും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ റൂമി പറഞ്ഞു. പുസ്തകത്തിലെ ക്രിസ്തീയ വിശ്വാസങ്ങളും ആശയങ്ങളും തനിക്ക് ഹൃദ്യമായി അനുഭവപ്പെട്ടെന്നും ബൈബിളിനെയും ക്രിസ്തുമത വിശ്വാസത്തെയും കൂടുതൽ അറിയാൻ ഈ വിവർത്തനം സഹായിച്ചെന്നും അവർ വ്യക്തമാക്കി.
നവംബർ അഞ്ചിന് ഡിസി ബുക്സാണ് ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചത്. ക്രിസ്തീയ അറിവുകളെ മാനിക്കുന്ന ഒരു ഹിന്ദുവിനെ താൻ പുസ്തകത്തിൽ കണ്ടെന്നും അതുപോലെ വ്യത്യസ്ത മതവിശ്വാസിയായ താനും അത് പഠിക്കാൻ ശ്രമിക്കുകയാണെന്നും റൂമി പറഞ്ഞു.
ഒരു മതത്തിന്റെ മൂല്യങ്ങളും പാഠങ്ങളും ഉൾക്കൊള്ളാൻ ആ മതത്തിൽ വിശ്വസിക്കണമെന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. താൻ ക്രിസ്തുമതത്തെക്കുറിച്ച് പ്രസംഗിക്കുകയും അത് ഒരു മുസ്ലിം യുവതി പരിഭാഷപ്പെടുത്തുകയും ചെയ്യുന്നത് കേരളത്തിൽ മാത്രം സാധ്യമാകുന്ന കാര്യമാണെന്ന് വി.ഡി. സതീശനും പ്രതികരിച്ചു.




