പട്ന: ‘ഛോട്ട സർക്കാർ’ എന്നറിയപ്പെടുന്ന ബിഹാർ എംഎൽഎ അനന്ത് സിങ്ങിന്റെ മകളുടെ വിവാഹ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. നവംബർ 25നാണ് അനന്ത് സിങ്ങിന്റെ ഇളയ മകൾ ശിവാംഗി സിങ്ങും ഋഷികേശ് കുമാറും വിവാഹിതരായത്. ഇതിനിടെ വിവാഹ വേദിയിലേക്ക് പാമ്പ് ഇഴഞ്ഞെത്തിയതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഏകദേശം നൂറടി വീതിയുള്ള പന്തലുകളാണ് ജെഡിയു നേതാവിന്റെ മകളുടെ വിവാഹത്തിനായി നിർമിച്ചത്. അതിഥികൾ നിന്നിരുന്ന ഭാഗത്തുള്ള പിങ്ക് പരവതാനിയിലൂടെയാണ് പാമ്പ് എത്തിയത്. പാമ്പിനെ കണ്ടതോടെ അതിഥികൾ പേടിച്ച് മാറി നിൽക്കുന്നതും ഒരു യുവാവ് മുന്നോട്ട് വന്ന് കൈ കൊണ്ട് പിടിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. പല പ്രാവശ്യം ശ്രമിച്ചിട്ടും പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒടുവിൽ വാലിൽ പിടിച്ച് ഉയർത്തി പന്തലിന് പുറത്തേക്ക് എറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചടങ്ങിനെത്തിയ ചില അതിഥികളാണ് ഈ വിഡിയോ ഫോണിൽ പകർത്തിയത്.
മകളുടെ വിവാഹത്തിനായി അനന്ത് സിങ് കോടിക്കണക്കിന് രൂപ ചെലവഴിച്ചതായാണ് വിവരം. നേതാവിന്റെ കുടുംബം താമസിക്കുന്ന ലാഡ്മ ഗ്രാമത്തിലാണ് വിവാഹം നടന്നത്. വിഐപികൾക്ക് വന്നുപോകാൻ ഹെലിപാഡും ഒരുക്കിയിരുന്നു. ഏകദേശം അഞ്ച് ലക്ഷം ആളുകൾ വിവാഹത്തിൽ പങ്കെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.




