Spotlight

വോട്ടര്‍ പട്ടികയില്‍ പിതാവിന്റെ പേരില്ല, മാതാവിന്റെ പേരുണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്‌ നിഷേധിക്കപ്പെട്ട്‌ നവജാതശിശു !

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിൽ ജനിച്ച പെൺകുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി രണ്ട് മാസത്തിലേറെയായി കുടുംബം കാത്തിരിക്കുകയാണ്. തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിനിടെ (എസ്.ഐ.ആർ.) വോട്ടർപ്പട്ടികയിൽ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കപ്പെട്ടതാണ് ഇതിന് കാരണമെന്ന് കുടുംബം പറയുന്നു.

കുഞ്ഞിന്റെ ജനന രജിസ്ട്രേഷന് വേണ്ട ‘റെസിഡൻസി സർട്ടിഫിക്കറ്റ്’ നൽകാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചതായി പിതാവ് അബ്ദുൾ ഹബീബ് വ്യക്തമാക്കി. സെപ്റ്റംബർ എട്ടിന് ദിൻഹാത്തയിലെ സർക്കാർ ആശുപത്രിയിലാണ് ഭാര്യ അമിന ഖാത്തൂൻ കുഞ്ഞിന് ജന്മം നൽകിയത്.

റെസിഡൻസി സർട്ടിഫിക്കറ്റിനായി പ്രാദേശിക പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് പ്രതിസന്ധി തുടങ്ങിയത്. എസ്.ഐ.ആറിന്റെ പേര് പറഞ്ഞും വോട്ടർപ്പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തത് ചൂണ്ടിക്കാട്ടിയുമാണ് ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചതെന്ന് ഹബീബ് ആരോപിച്ചു.

നിലവിൽ പഞ്ചായത്തിന് നാഥനില്ലാത്തതും നടപടികൾ കൂടുതൽ സങ്കീർണ്ണമാക്കി. ഒടുവിൽ എം.എൽ.എയെ സമീപിക്കാൻ ഉദ്യോഗസ്ഥർ നിർദേശിച്ചിരിക്കുകയാണ്.

ഭാര്യ ഇപ്പോഴും വോട്ടർപ്പട്ടികയിലുണ്ടെന്നും, മാതാപിതാക്കളുടെ ജനന സർട്ടിഫിക്കറ്റുകളും പിതാവിന്റെ പേരുള്ള 2002-ലെ വോട്ടർപ്പട്ടികയും അടക്കമുള്ള രേഖകൾ കയ്യിലുണ്ടെന്നും ഹബീബ് ചൂണ്ടിക്കാട്ടി. ഇതൊക്കെയുണ്ടായിട്ടും എങ്ങനെയാണ് മകളുടെ ജനന രജിസ്ട്രേഷൻ ലഭിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

വിഷയം പരിശോധിക്കാമെന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ലാമു വൈ വാങ്‌ഡി ‘ഇന്ത്യ ടുഡേ ടിവി’യോട് പ്രതികരിച്ചു.

വോട്ടർപ്പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിനെതിരെ ഹബീബ് ട്രൈബ്യൂണലിനെ സമീപിക്കണമെന്നാണ് കൂച്ച് ബെഹാറിലെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഭിജിത് ബർമാന്റെ നിലപാട്. ചട്ടപ്രകാരം ജനന സർട്ടിഫിക്കറ്റ് നൽകും. ഉചിതമായ നിയമനടപടികളിലൂടെ വിഷയം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിതാവ് യഥാർഥ വോട്ടറാണെങ്കിൽ പേര് തീർച്ചയായും പട്ടികയിൽ കാണും. അദ്ദേഹം ട്രൈബ്യൂണലിനെ സമീപിച്ച് അപ്പീൽ നൽകണമെന്നും ബർമാൻ കൂട്ടിച്ചേർത്തു.

അതേസമയം, എസ്.ഐ.ആർ കാരണം പല കുടുംബങ്ങൾക്കും ആവശ്യമായ രേഖകൾ കിട്ടുന്നതിന് തടസ്സമുണ്ടെന്ന് കൂച്ച് ബെഹാർ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ബിശ്വജിത്ത് സർക്കാർ ആരോപിച്ചു. യഥാർഥ പൗരന്മാരുടെ പേരുകൾ തിരികെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് വരെ പ്രതിഷേധം തുടരുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് എം.എൽ.എ കുനാൽ ഘോഷും വിഷയത്തിൽ വിമർശനം ഉന്നയിച്ചു. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും ചേർന്ന് ഈ പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.