Spotlight

‘പ്ലീസ് ഡാഡി, എന്നെ വെടിവെക്കല്ലേ’; എമർജൻസി കോളിൽ കുട്ടിയുടെ നിലവിളി, പാഞ്ഞെത്തിയ പൊലീസ് കണ്ടെത്തിയത് അഞ്ചു മൃതദേഹങ്ങള്‍ !

ഫ്ലോറിഡ: ജീവൻ രക്ഷിക്കണമെന്ന അടിയന്തര കോളിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസിന് കാണേണ്ടി വന്നത് ഭയാനകമായ കാഴ്ച . ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ട നിലയിലും വീടിന്റെ നാഥൻ ജീവനൊടുക്കിയ നിലയിലുമായിരുന്നു. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള പ്ലാന്റ് സിറ്റിയിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്.

റാക്വൽ ലൂച്ചെഫെൽഡ് (34), ഭർത്താവ് ഐസക് ലൂച്ചെഫെൽഡ് (34), മക്കളായ അഞ്ചുവയസ്സുകാരൻ എനോക്ക്, മൂന്നുവയസ്സുകാരി ഹന്ന, ഒരുവയസ്സുകാരൻ ജോബ് എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനുള്ളിൽ കിടന്നത്. പങ്കാളിയെയും മക്കളെയും വെടിവെച്ചുകൊന്ന ശേഷം പിതാവായ ഐസക് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവസമയത്ത് 911 എമർജൻസി നമ്പറിലേക്ക് വന്ന ഫോൺ കോളിലെ വിവരങ്ങൾ ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ചാഡ് ക്രോണിസ്റ്റർ പുറത്തുവിട്ടു. ഈ കോളിലൂടെയാണ് ദുരന്തവിവരം പുറംലോകം അറിഞ്ഞത്.

നവംബർ 19 വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് പ്ലാന്റ് സിറ്റിയിലെ സ്പാർക്ക്മാൻ റോഡിലുള്ള വീട്ടിൽ നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 3:29-ന് ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസിലെ 911 സെന്ററിലേക്ക് ആ വീട്ടിൽ നിന്ന് ഫോൺ വന്നു. ആരും സംസാരിച്ചില്ലെങ്കിലും ഫോൺ കട്ടായിരുന്നില്ല. വീട്ടിൽ വലിയ ബഹളങ്ങളും ഒച്ചപ്പാടുകളും നടക്കുന്നത് എമർജൻസി ജീവനക്കാർക്ക് വ്യക്തമായി കേൾക്കാമായിരുന്നു.

അതിനുപിന്നാലെ “സോറി, ബഡ്ഡി” എന്നൊരു പുരുഷശബ്ദവും ഉച്ചത്തിലുള്ള വെടിയൊച്ചയും കേട്ടു. തുടർന്ന്, “അച്ഛാ, ദയവായി എന്നെ വെടിവെക്കരുത്” എന്ന് ഒരു കുട്ടി പലതവണ കരഞ്ഞപേക്ഷിക്കുന്നത് ഫോണിലൂടെ കേട്ടതായി ഷെരീഫ് ക്രോണിസ്റ്റർ പറഞ്ഞു. തൊട്ടുപിന്നാലെ വീണ്ടും വെടിയൊച്ചകൾ മുഴങ്ങി. വിവരമറിഞ്ഞ് പത്ത് മിനിറ്റിനുള്ളിൽ പോലീസ് സ്ഥലത്തെത്തിയെങ്കിലും അഞ്ചുപേരും മരിച്ചിരുന്നു.

മൊബൈൽ മെക്കാനിക്കായി ജോലി ചെയ്യുന്നയാളാണ് ഐസക് ലൂച്ചെഫെൽഡ്. കഴിഞ്ഞ ഒരു വർഷമായി ഇവർ ഇവിടെയാണ് താമസിച്ചിരുന്നത്. മുൻപ് ഈ കുടുംബത്തെക്കുറിച്ച് യാതൊരു പരാതികളോ പോലീസ് കേസുകളോ ഉണ്ടായിട്ടില്ലെന്നും ദമ്പതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഷെരീഫ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച റാക്വലിന്റെ പിറന്നാൾ ആഘോഷത്തിന് കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്നിരുന്നു. അന്നൊന്നും ദമ്പതികൾക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി തോന്നിയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ആഴ്ചയുടെ തുടക്കത്തിൽ കുട്ടികളെ മുത്തശ്ശിയെ ഏൽപ്പിച്ച് ഇരുവരും ഒരുമിച്ച് പുറത്തുപോയിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.

എന്തുകൊണ്ടാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തതെന്നും 911-ലേക്ക് വിളിച്ചത് ആരാണെന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.