Crime

ലൈംഗികാതിക്രമം എതിർത്ത സഹോദരഭാര്യയെ കൊന്നു, കണ്ടുനിന്ന 8 വയസ്സുകാരനെയും കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

ലൈംഗികാതിക്രമം ചെറുത്ത 45-കാരിയെയും എട്ടു വയസ്സുകാരനായ പേരക്കുട്ടിയെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റില്‍. കൻഹ നഗ്‌ല സ്വദേശിയായ അസീമിനെയാണ് പൊലീസ് പിടികൂടിയത്. നവംബർ 13ന് രാത്രി കൻഹ നഗ്‌ല ഗ്രാമത്തിലാണ് സംഭവം .

45-കാരിയുമായി ശാരീരികബന്ധം പുലർത്താൻ ആഗ്രഹിച്ചാണ് അന്ന് രാത്രി ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എന്നാൽ അവർ വഴങ്ങാതെ വന്നതോടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ മുറിയിലേക്ക് കടന്നുവന്ന കുട്ടിയെ, കൊലപാതകവിവരം പുറത്തുപറയുമോ എന്ന ഭയത്താൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം അന്നു രാത്രി തന്നെ അസീം ഡൽഹിയിലേക്ക് കടന്നുകളഞ്ഞു.

അസീമിന്റെ സഹോദരന്റെ ഭാര്യയാണ് കൊല്ലപ്പെട്ട 45-കാരി. ഇവരുമായി താൻ പ്രണയത്തിലായിരുന്നുവെന്നും നേരത്തെ ശാരീരികബന്ധം ഉണ്ടായിരുന്നുവെന്നും പ്രതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

മക്കൾക്കൊപ്പം ഡൽഹിയിൽ താമസിച്ചിരുന്ന 45-കാരി കൊലപാതകം നടന്നതിന് രണ്ടുദിവസം മുൻപാണ് നാട്ടിലെത്തിയത്. 11 ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.