Spotlight

85-ാം വയസ്സായി, സ്വന്തം വീട്ടില്‍ സമാധാന ജീവിതം തേടി അച്ഛൻ; മകനോടും മരുമകളോടും വീടൊഴിയാൻ ഉത്തരവ്

85 വയസ്സായി. കുറച്ചെങ്കിലും സമാധാനത്തോടെയും സ്വസ്ഥതയോടെയും ജീവിക്കണമെന്നാണ് ആ വയോധികന്റെ ആഗ്രഹം. എന്നാൽ അതിന് തടസ്സമായി നിൽക്കുന്നതോ മൂത്തമകനും ഭാര്യയും. ഒടുവിൽ ആ വയോധികൻ കോടതിയെ സമീപിച്ചു. ഡൽഹിയിൽ നിന്നാണ് ഈ ശ്രദ്ധേയമായ വാർത്ത പുറത്തുവരുന്നത്.

തന്റെ മൂത്തമകനെയും ഭാര്യയെയും വീട്ടിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വയോധികൻ ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. അനുവാദമില്ലാതെ മകനും ഭാര്യയും വീട്ടിൽ താമസിക്കുകയാണെന്നും തന്നെ ഉപദ്രവിക്കുകയാണെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു. എന്നാൽ അവിടെ വയോധികന് തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഉപദ്രവത്തിന് തെളിവില്ലെന്നും, ബിസിനസ് തർക്കം തീർക്കാനായി മക്കളെ വീട്ടിൽ നിന്ന് ഇറക്കിവിടാനാണ് വയോധികൻ ശ്രമിക്കുന്നതെന്നും മജിസ്ട്രേറ്റ് വിലയിരുത്തി. തുടർന്നാണ് അദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

നവംബർ 20-ന് ജസ്റ്റിസ് അമിത് മഹാജൻ ഈ കേസിൽ സുപ്രധാനമായ വിധി പ്രസ്താവിച്ചു. സ്വന്തം വീട് പങ്കിടാൻ മക്കൾക്ക് വയോധികനെ നിർബന്ധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇരുവിഭാഗവും തമ്മിലുള്ള ബന്ധം 2022 മുതൽ മോശമാണെന്നും അന്നുമുതൽ അദ്ദേഹം പോലീസ് സംരക്ഷണം തേടിയിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. 85 വയസ്സുള്ള വയോധികന് സ്വന്തം വീട്ടിൽ അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഇരുവർക്കുമിടയിൽ ബിസിനസ് തർക്കമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, അങ്ങനെയൊരു തർക്കമുണ്ടെങ്കിൽ പോലും സമ്മതമില്ലാതെ വയോധികന്റെ വീട്ടിൽ താമസിക്കാൻ മക്കൾക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ മക്കൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകാൻ കോടതി നിർദ്ദേശിച്ചു. നാല് ആഴ്ചയ്ക്കകം വീട് ഒഴിയണമെന്നാണ് ഉത്തരവ്.