Crime

പീഡനം; 25വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്ന ​‍​‍പ്രതിക്ക് അതിജീവിതയെ ബലാത്സംഗം ചെയ്യാന്‍ കൂട്ടുനിന്ന കേസില്‍ വീണ്ടും 30 വര്‍ഷം; ആകെ 28 കേസുകള്‍, അതിജീവിതയുടെ മാതാവ്‌ പ്രതി

തൊടുപുഴ: കുമാരമംഗലം പോക്‌സോ കേസിൽ അതിജീവിതയെ ബലാത്സംഗം ചെയ്യാൻ ഇടനിലക്കാരനായി പ്രവർത്തിച്ച ഒന്നാം പ്രതിക്ക് 30 വർഷവും പീഡിപ്പിച്ച രണ്ടാം പ്രതിക്ക് 25 വർഷവും കഠിനതടവ്. ഇതിനുപുറമെ ഒന്നാം പ്രതി 1,25,000 രൂപയും രണ്ടാം പ്രതി 95,000 രൂപയും പിഴയൊടുക്കാനും തൊടുപുഴ പോക്‌സോ സെഷൻസ് കോടതി ഉത്തരവിട്ടു. ഒന്നാം പ്രതി കുമാരമംഗലം മംഗലത്ത് വീട്ടിൽ ബേബി എന്ന രഘു (56), രണ്ടാം പ്രതി ഇടവെട്ടി വലിയ ജാരം ഭാഗത്ത് പോക്കളത്ത് വീട്ടിൽ ബിനു ബഷീർ (46) എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.

പിഴത്തുക അടച്ചില്ലെങ്കിൽ ഒന്നാം പ്രതി 27 മാസവും രണ്ടാം പ്രതി ഒരു വർഷവും 11 മാസവും അധികതടവ് അനുഭവിക്കണമെന്ന് ജഡ്ജി ആഷ് കെ. ബാലിന്റെ വിധിയിൽ വ്യക്തമാക്കുന്നു. അതിജീവിതയ്ക്ക് വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്ന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചു. ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച മറ്റൊരു കേസിൽ ഒന്നാം പ്രതിയായ രഘു ബേബിക്ക് കഴിഞ്ഞ മാസം 25 വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. നിലവിൽ വിയ്യൂർ ജയിലിൽ കഴിയുകയാണ് ഇയാൾ. പെൺകുട്ടി നേരിട്ട ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് തൊടുപുഴ പോലീസ് ആകെ 28 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 25 കേസുകളുടെ വിചാരണ തൊടുപുഴ പോക്‌സോ കോടതിയിൽ പുരോഗമിക്കുകയാണ്. ഇനി 19 കേസുകളിൽ കൂടി വിധി വരാനുണ്ട്. ഈ കേസടക്കം ഏഴു കേസുകളിൽ പെൺകുട്ടിയുടെ അമ്മയും പ്രതിയായിരുന്നു. എന്നാൽ വിചാരണ നടക്കുന്നതിനിടെ അവർ മരണപ്പെട്ടു.

വിചാരണവേളയിൽ 29 സാക്ഷികളെ കോടതി വിസ്തരിക്കുകയും 67 രേഖകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പയസ് മാത്യൂ, അഡ്വ. ഫ്രാൻസിസ് പയസ്, അഡ്വ. ആൻസി ഫിലിപ്പ് എന്നിവർ ഹാജരായി. മുൻ തൊടുപുഴ പോലീസ് ഇൻസ്പെക്ടർ വി.സി. വിഷ്ണുകുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം, പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികാവശ്യങ്ങൾക്കായി വിൽക്കൽ, ബലാത്സംഗം, പോക്‌സോ നിയമപ്രകാരമുള്ള ലൈംഗികാതിക്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ പ്രതികൾ ചെയ്തതായി പ്രോസിക്യൂഷൻ സംശയാതീതമായി തെളിയിച്ചു. പ്രോസിക്യൂഷൻ ലെയ്‌സൺ സഹായികളായി എസ്.ഐ വി.സി. അജിലാൽ, സി.പി.ഒ നീതു കൃഷ്ണൻ, സി.പി.ഒ ജനില്‍ പി.കെ എന്നിവർ നടപടികൾ ഏകോപിപ്പിച്ചു. ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികളെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റി.