ദോഹ: റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഗ്രൗണ്ടിലെ സ്റ്റംപ് ഊരിയെറിഞ്ഞ് പാക്കിസ്ഥാൻ താരത്തിന്റെ ആഘോഷം. സെഞ്ചറി നേടിയ തിലക് വർമ പുറത്തായതോടെയാണ് പാക്കിസ്ഥാൻ വിജയം ഉറപ്പിച്ചത്. വിജയാഘോഷങ്ങൾക്കിടെ പാക്ക് താരങ്ങളിലൊരാൾ എത്തി പിച്ചിലുണ്ടായിരുന്ന ഒരു വിക്കറ്റ് ഊരിയെറിയുകയായിരുന്നു. ഔദ്യോഗിക സംപ്രേഷണത്തിൽ ഇത് പതിഞ്ഞില്ലെങ്കിലും സ്റ്റേഡിയത്തിൽനിന്ന് പകർത്തിയ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മത്സരത്തിൽ 48 റൺസിനാണ് പാക്കിസ്ഥാൻ വിജയിച്ചത്. പാക്കിസ്ഥാൻ മുന്നോട്ടുവെച്ച 314 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 49.1 ഓവറിൽ 265 റൺസിന് ഓൾഔട്ടായി. 149 പന്തുകൾ നേരിട്ടാണ് തിലക് വർമ 100 റൺസ് നേടിയത്. സെഞ്ചറി തികച്ചെങ്കിലും തിലകിന്റെ വേഗത കുറഞ്ഞ ബാറ്റിങ്ങാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായതെന്ന് വിമർശനമുയരുന്നുണ്ട്. ഓപ്പണർ അഭിഷേക് ശർമ (42 പന്തിൽ 70), ഷഹബാസ് അഹമ്മദ് (49 പന്തിൽ 56) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ 313 റൺസിന് പുറത്തായിരുന്നു. ഹസൻ നവാസ്, മാസ് സദാഖത്ത്, ഫർഹാൻ യൂസഫ് എന്നിവരുടെ അർധ സെഞ്ചറികളാണ് അവർക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 82 പന്തിൽ 79 റൺസെടുത്ത ഹസൻ നവാസാണ് ടോപ് സ്കോറർ. മാസ് സദാഖത്ത് 63 പന്തിൽ 59 റൺസും, മധ്യനിരയിൽ ഫർഹാൻ യൂസഫ് 48 പന്തിൽ 56 റൺസും നേടി തിളങ്ങി.
കളിക്കിടെ പലതവണ ഇന്ത്യൻ താരങ്ങളെ പ്രകോപിപ്പിക്കാൻ പാക്കിസ്ഥാൻ താരങ്ങൾ ശ്രമിച്ചിരുന്നു. യുവതാരം വൈഭവ് സൂര്യവംശി, നായകൻ തിലക് വർമ, ഹർഷിത് റാണ എന്നിവർ പാക്ക് കളിക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. റൺസ് ഓടുന്നതിനിടെ താരങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെത്തുടർന്ന് ഹർഷിത് റാണയും പാക്ക് ബാറ്റർമാരും തമ്മിലുണ്ടായ തർക്കം അംപയർ ഇടപെട്ടാണ് ശാന്തമാക്കിയത്.




