Featured Lifestyle

വിവാഹശേഷം ജോലി ഉപേക്ഷിക്കുമെന്ന് യുവതി; വിവാഹാലോചന നിരസിച്ച് 30 ലക്ഷം ശമ്പളമുള്ള യുവാവ് ! സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച!

വധൂവരന്മാരുടെ ജോലി, സാമ്പത്തിക വരുമാനം എന്നിവ വിവാഹാലോചനാസമയത്തെ പ്രാധാന ചര്‍ച്ചാ വിഷയമാണ്. ഇത്തരം കാര്യങ്ങളിലെ വിയോജിപ്പുകള്‍ കാരണം ഒരു വിവാഹാലോചന മുടങ്ങിയതിനെക്കുറിച്ചുള്ള ‘എക്സ്’ (X) പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. പ്രതിവർഷം ഏകദേശം 30 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന തന്റെ സുഹൃത്തിന്റെ അനുഭവം ശീതൾ റിജ്വാനി (Sheetal Rijhwani) എന്ന ഉപയോക്താവ് പങ്കുവെച്ചതോടെയാണ് ഈ ചർച്ച ആരംഭിച്ചത്. വിവാഹശേഷം ജോലി തുടരാൻ താല്പര്യമില്ലെന്ന് യുവതി അറിയിച്ചതിനെ തുടർന്ന് യുവാവ് വിവാഹാലോചനയിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോസ്റ്റിൽ പറയുന്നു.

ജോലിയുള്ള ഒരു പങ്കാളിയെയാണ് താൻ ആഗ്രഹിക്കുന്നതെന്ന് സംഭാഷണത്തിനിടെ യുവാവ് വ്യക്തമാക്കിയിരുന്നു. എന്നാൽ, നിലവിൽ ജോലി ചെയ്യുന്ന യുവതിക്ക് യുവാവിന്റെ ഈ താല്പര്യം ഇഷ്ടപ്പെട്ടില്ലെന്നും, യുവാവിന്റേത് പിന്തിരിപ്പൻ ചിന്താഗതിയാണെന്ന് അവർ ആരോപിച്ചതായും പോസ്റ്റിൽ പറയുന്നു. “ജോലിയുള്ള ഒരു പങ്കാളിയെയാണ് അവൻ ആഗ്രഹിക്കുന്നത്. അവൻ അത് വ്യക്തമാക്കിയപ്പോൾ അവൾക്ക് വല്ലാതെ ദേഷ്യം വന്നു, അവനെ ഫെമിനിസ്റ്റ് വിരുദ്ധനെന്നും പിന്തിരിപ്പൻ ചിന്താഗതിയുള്ളവനെന്നും വിളിച്ചു. ഭാവി ഭാര്യയുടെ തീരുമാനങ്ങളെ നിയന്ത്രിക്കാനാണ് അവൻ ശ്രമിക്കുന്നതെന്നും അവൾ പറഞ്ഞു. അവൻ സങ്കുചിത മനസ്സുള്ളവനാണെന്നും, അടിസ്ഥാന മര്യാദയില്ലാത്തവനാണെന്നും, സ്ത്രീകളോട് എങ്ങനെ സംസാരിക്കണമെന്ന് അറിയില്ലെന്നും അവൾ തന്റെ കുടുംബത്തോട് പോലും പറഞ്ഞു,” പോസ്റ്റിൽ പറയുന്നു.

ഈ അഭിപ്രായവ്യത്യാസം ഇരുവർക്കും ഇടയിൽ മാത്രം ഒതുങ്ങാതെ യുവതി ഇക്കാര്യം കുടുംബത്തോട് സംസാരിക്കുകയും ചെയ്തു. ഇത് യുവാവിന്റെ കുടുംബത്തെ വിഷമിപ്പിച്ചതായി ശീതൾ പറഞ്ഞു. ഇരു കുടുംബങ്ങളും തമ്മിൽ ബിസിനസ് ബന്ധങ്ങൾ ഉണ്ടായിരുന്നതിനാൽ സാഹചര്യം കൂടുതൽ സങ്കീർണ്ണമായി. “ഒരു മുൻഗണന ഉണ്ടായിരിക്കുക എന്നതും വ്യക്തിപരമായ തിരഞ്ഞെടുപ്പല്ലേ? അവൾക്ക് സ്വന്തമായി ഒരു തീരുമാനമെടുക്കാമെങ്കിൽ എന്തുകൊണ്ട് അവനും ആയിക്കൂടാ?” ശീതൾ ചോദിച്ചു. പോസ്റ്റ് അതിവേഗം ശ്രദ്ധ നേടുകയും, യുവാവിന്റെ തീരുമാനം ന്യായമാണോ അതോ വീട്ടമ്മയായി തുടരാനുള്ള യുവതിയുടെ തീരുമാനത്തെയും ഒരുപോലെ ബഹുമാനിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ രണ്ട് തട്ടിലാവുകയും ചെയ്തു.

സാമ്പത്തികമായി സ്വതന്ത്രയായ ഒരു പങ്കാളിയെയോ, ഇരുവരും വരുമാനമുള്ള ഒരു കുടുംബത്തെയോ ആഗ്രഹിക്കുന്നത് വ്യക്തിപരമായ താല്പര്യമാണെന്ന് വാദിച്ചുകൊണ്ട് നിരവധി പേർ യുവാവിന്റെ തീരുമാനത്തെ പിന്തുണച്ചു. വിവാഹശേഷം ജോലി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഒരു സ്ത്രീക്ക് അവകാശമുള്ളതുപോലെ, തന്റെ കരിയർ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു പങ്കാളിയെ തിരയാൻ ഒരു പുരുഷനും സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു. വിവാഹം മുൻവിധികളോടെയുള്ള ഒന്നാകരുതെന്നും, കരിയറും കുടുംബ ഉത്തരവാദിത്തങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാൻ ഇരുവർക്കും സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്നും മറ്റു ചിലർ ചൂണ്ടിക്കാട്ടി.

“പ്രായപൂർത്തിയാവുകയും വിദ്യാഭ്യാസമോ ഏതെങ്കിലും തൊഴിൽ വൈദഗ്ധ്യമോ നേടുകയും ചെയ്യുന്ന ഏതൊരാൾക്കും സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ കഴിയണമെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. അതുപോലെ പാചകം ചെയ്യാനും വീട് വൃത്തിയാക്കാനും അറിഞ്ഞിരിക്കണം. ഇതിൽ ആൺ-പെൺ വേർതിരിവില്ല,” എന്ന് ഒരാൾ കുറിച്ചു.

“അവൾക്ക് ജോലി ചെയ്യേണ്ടെന്ന് തീരുമാനിക്കാമെങ്കിൽ, ജോലിയുള്ള ഒരു പങ്കാളിയെ തിരഞ്ഞെടുക്കാൻ അവനും സാധിക്കും. അത്രയേയുള്ളൂ,” എന്ന് മറ്റൊരാളും കമന്റ് ചെയ്തു. “ഇപ്പോൾ… ആ യുവാവ് പറഞ്ഞതാണ് വളരെ ശരി… ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ ഒരു നല്ല ജീവിതശൈലി നിലനിർത്തണമെങ്കിൽ രണ്ടുപേർക്കും വരുമാനമുണ്ടെങ്കിലേ വീട് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ,” എന്നായിരുന്നു മൂന്നാമതൊരാളുടെ പ്രതികരണം.