Featured Oddly News

“എന്തായാലും അത് മനുഷ്യനല്ല!”; ന്യൂയോർക്ക് മേയറുടെ പ്രസംഗത്തിനിടെ പിന്നിൽ നിന്നയാളുടെ കൺചലനം വൈറൽ

ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ (Zohran Mamdani) സമീപകാല പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അസാധാരണമായ ഒരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. പ്രസംഗത്തിനിടെ അദ്ദേഹത്തിന് പിന്നിൽ നിന്നിരുന്ന ഒരാളുടെ വിചിത്രമായ കണ്ണിന്റെ ചലനങ്ങളാണ് നെറ്റിസൺസിനിടയിൽ സംശയങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചത്. നഗരത്തിന്റെ വികസന പദ്ധതികളെക്കുറിച്ച് മംദാനി സംസാരിക്കുമ്പോൾ, നേവി ബ്ലൂ സ്യൂട്ടും ഇളം നീല ഷർട്ടും ടൈയും ധരിച്ച പിന്നിൽ നിന്നിരുന്ന വ്യക്തി കണ്ണുകൾ ഉരുട്ടുന്നതും അസ്വാഭാവികമായ ഭാവത്തിൽ നിൽക്കുന്നതുമാണ് വീഡിയോയിലുള്ളത്.

ഈ ദൃശ്യങ്ങൾ ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിൽ അതിവേഗം വൈറലായി. ഉരഗവർഗ്ഗത്തിൽപ്പെട്ട അന്യഗ്രഹജീവികൾ (Reptilian beings) രഹസ്യമായി സർക്കാരുകളെ നിയന്ത്രിക്കുന്നുണ്ടെന്ന വിചിത്രമായ ഇന്റർനെറ്റ് ഗൂഢാലോചന സിദ്ധാന്തങ്ങളുമായി (Conspiracy theory) ചിലർ ഈ വ്യക്തിയുടെ രൂപത്തെ ബന്ധപ്പെടുത്തി. “ഉരഗജീവികളാണ് നമ്മുടെ സർക്കാർ ഭരിക്കുന്നതെന്ന് ഞാൻ ചിലപ്പോൾ ഗൗരവമായി ചിന്തിക്കാറുണ്ട്,” എന്ന കുറിപ്പോടെയാണ് ഒരാൾ വീഡിയോ പങ്കുവെച്ചത്. “ഇവിടെ എന്താണ് സംഭവിക്കുന്നത്? ഇതൊരു ഉരഗജീവിയാണോ?” എന്ന് മറ്റൊരു ഉപയോക്താവും ചോദിച്ചു.

@TheProjectUnity എന്ന എക്സ് അക്കൗണ്ടിലൂടെയും ഈ അസാധാരണ ദൃശ്യങ്ങൾ പങ്കുവെക്കപ്പെട്ടിട്ടുണ്ട്. ഈ വീഡിയോ എഡിറ്റ് ചെയ്തതോ നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിച്ചതോ അല്ലെന്ന് ഇദ്ദേഹം ഉറപ്പിച്ചു പറയുന്നു. “അയാളുടെ കണ്ണുകളിലേക്ക് നോക്കൂ! ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുടെ ഈ വീഡിയോ എന്നെ ഭയപ്പെടുത്തുന്നു. ഇത് വ്യാജമല്ലെന്നും എ.ഐ അല്ലെന്നും തെളിയിക്കാൻ ഒറിജിനൽ വീഡിയോയുടെ ലിങ്ക് ഞാൻ നൽകുന്നുണ്ട്, നിങ്ങൾക്ക് തന്നെ കാണാം! അയാളുടെ കണ്ണുകൾക്ക് എന്താണ് സംഭവിക്കുന്നത്?” എന്നായിരുന്നു പോസ്റ്റ്.

വൈറലായ ക്ലിപ്പുകൾ പ്രകാരം, “സുരക്ഷയും നീതിയും കൈകോർത്ത് നിൽക്കുന്ന, പലരും അസാധ്യമെന്ന് കരുതിയ ഒരു നഗരത്തിനായി പതിറ്റാണ്ടുകളായി സ്വയം സമർപ്പിച്ച ന്യൂയോർക്കുകാർക്കൊപ്പം നിൽക്കാൻ കഴിയുന്നത് ഒരു ബഹുമതിയാണ്,” എന്ന് മംദാനി പറയുമ്പോഴാണ് പിന്നിൽ നിന്നയാളുടെ കണ്ണുകളുടെ ചലനം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ആ വ്യക്തിയുടെ ഐഡന്റിറ്റിയെയും രൂപത്തെയും കുറിച്ച് ചിലർ അഭ്യൂഹങ്ങൾ പരത്തുമ്പോൾ, മറ്റു ചിലർ ഈ വാദങ്ങളെ വിചിത്രമെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ, ഈ വ്യക്തിക്ക് അന്യഗ്രഹജീവികളുമായി ബന്ധമുണ്ടെന്നതിന് യാതൊരു തെളിവുകളുമില്ല. വൈറലായ ഈ അഭ്യൂഹങ്ങളോട് മംദാനിയോ മറ്റ് ഔദ്യോഗിക വൃത്തങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2026 നവംബർ 20 വെള്ളിയാഴ്ച ന്യൂയോർക്ക് സിറ്റി ഹാളിൽ വെച്ചാണ് ഈ സംഭവം നടന്നത്. വിവാദമായ റൈക്കേഴ്സ് ഐലൻഡ് (Rikers Island) ജയിൽ സമുച്ചയം 2032-ഓടെ സ്ഥിരമായി അടച്ചുപൂട്ടാനുള്ള ഭരണകൂടത്തിന്റെ പദ്ധതികൾ വിശദീകരിക്കുകയായിരുന്നു മംദാനി. കോടതികൾക്കും പൊതുഗതാഗത സംവിധാനങ്ങൾക്കും സമീപം നാല് പുതിയ ജയിലുകൾ തുറക്കുന്നതും, തടവുകാരുടെ പുനരധിവാസത്തിനായി കമ്മ്യൂണിറ്റി ഇടങ്ങൾ ഒരുക്കുന്നതും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. നിലവിൽ ഏകദേശം 6,500 ഉള്ള തടവുകാരുടെ എണ്ണം 4,100 ആയി കുറയ്ക്കാനും അദ്ദേഹത്തിന്റെ ഭരണകൂടം ലക്ഷ്യമിടുന്നുണ്ട്.