Crime

പ്ലാറ്റ്‌ഫോമിലൂടെ നടന്ന യുവതിയെ കോച്ചിലേക്ക് വലിച്ചുകയറ്റി പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിയുടെ മൊഴി

അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന ട്രെയിനിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചു. നാഗർകോവിൽ ജങ്ഷൻ റെയിൽവേ പൊലീസ് പിടികൂടിയ 31-കാരനാണ് കുറ്റസമ്മതം നടത്തിയത്. ഈ മാസം 18-നാണ് നാഗർകോവിൽ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. നവംബർ 11-നാണ് ഈ ട്രെയിൻ അറ്റകുറ്റപ്പണികൾക്കായി ഇവിടെ എത്തിച്ചത്.

ഭിന്നശേഷിക്കാർക്കുള്ള കോച്ചിലായിരുന്നു മൃതദേഹം. തുടർന്ന് ഇൻസ്പെക്ടർ കാതെറിൻ സുജാതയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. നവംബർ 14-ലെ ദൃശ്യങ്ങളിൽ നിന്നാണ് കേസിന് തുമ്പുണ്ടായത്. വെള്ളമുണ്ടും ഷർട്ടും ധരിച്ച ഒരാൾ ഈ കോച്ചിൽ നിന്നും പുറത്തേക്ക് ഇറങ്ങിവരുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെൻപഗരമൺപുത്തൂർ സ്വദേശി ജെ. അയ്യപ്പനാണ് പ്രതിയെന്ന് വ്യക്തമാവുകയും ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാത്രി പന്ത്രണ്ടരയോടെ അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ പ്രതി കോച്ചിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.