ദാമ്പത്യജീവിതത്തിൽ പ്രണയത്തിനും സ്നേഹത്തിനും വലിയ പ്രാധാന്യമുണ്ട്. എന്നാൽ കാലം കഴിയുന്തോറും സ്നേഹപ്രകടനങ്ങളുടെ രീതികളിൽ മാറ്റങ്ങൾ വരാറുണ്ട്. ഉള്ളിൽ നിറയെ സ്നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കുന്ന രീതി ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അത്തരത്തിൽ ദാമ്പത്യജീവിതത്തിലെ രസകരമായ ഒരു അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായിട്ടും ഭാര്യ ഒരിക്കൽപ്പോലും തന്റെ മടിയിലിരുന്നിട്ടില്ലെന്ന പരാതിയുമായി എത്തിയ ഭർത്താവും അതിന് കുറിക്കുകൊള്ളുന്ന മറുപടികൾ നൽകിയ ഭാര്യയും തമ്മിലുള്ള സംഭാഷണം വായനക്കാരിൽ ചിരി പടർത്തുകയാണ്.
ജംഷദ് വി രാജൻ എന്ന എക്സ് ഉപയോക്താവാണ് ഭാര്യയുമായുള്ള ഈ രസകരമായ അനുഭവം പങ്കുവെച്ചത്. രാഹുൽ ഗാന്ധി പറഞ്ഞ ഒരു പഴയ ഓർമയാണ് ഇവരുടെ ജീവിതത്തിൽ ഇങ്ങനെയൊരു ചർച്ചയ്ക്ക് വഴിവെച്ചത്. കുടുംബജീവിതത്തിലെ രസകരമായ നിമിഷങ്ങളും ഭാര്യയുമായുള്ള ദൈനംദിന സംഭാഷണങ്ങളും നർമം കലർത്തി എഴുതുന്ന വ്യക്തിയാണ് ജംഷദ് വി രാജൻ. ‘ഔച്ച് മൈ ടോ’ എന്ന പേരിലാണ് അദ്ദേഹം എക്സിൽ അറിയപ്പെടുന്നത്. ഭാര്യയുമായുള്ള രസകരമായ സംഭാഷണങ്ങളിൽ നിന്നും ചെറിയ പിണക്കങ്ങളിൽ നിന്നും സ്നേഹനിമിഷങ്ങളിൽ നിന്നുമാണ് അദ്ദേഹത്തിന്റെ മിക്ക കുറിപ്പുകളും പിറക്കുന്നത്. വിവാഹിതർക്കും അവിവാഹിതർക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന രീതിയിൽ ദാമ്പത്യത്തിലെ നർമമുഹൂർത്തങ്ങൾ അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ സവിശേഷത.
അമ്മ സോണിയ ഗാന്ധിയുടെ ‘Belonging: A Journey of Love’ എന്ന ഓർമക്കുറിപ്പിന്റെ പ്രകാശനച്ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കുവെച്ച ഒരു അനുഭവമാണ് ഈ കഥയ്ക്ക് തുടക്കമിട്ടത്. കുട്ടിക്കാലത്ത് അമ്മ ഭക്ഷണം കഴിക്കുമ്പോൾ അച്ഛൻ രാജീവ് ഗാന്ധിയുടെ മടിയിലായിരുന്നു ഇരുന്നിരുന്നതെന്ന് രാഹുൽ ഓർത്തെടുത്തു. എല്ലാ മാതാപിതാക്കളും അങ്ങനെയാണ് ഭക്ഷണം കഴിക്കുന്നതെന്ന് കരുതിയിരുന്ന അദ്ദേഹം, ഒരിക്കൽ സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ അവിടത്തെ അമ്മ എന്തുകൊണ്ടാണ് അച്ഛന്റെ മടിയിലിരിക്കാത്തതെന്ന് ചോദിച്ചതായും പറഞ്ഞിരുന്നു.
ഈ വീഡിയോ കണ്ടതോടെ ജംഷദ് രാജനും തന്റെ ദാമ്പത്യത്തെക്കുറിച്ച് പുതിയൊരു ചിന്ത വന്നു. 22 വർഷത്തെ വിവാഹജീവിതത്തിനിടയിൽ ഭാര്യ രേഖ ഒരിക്കൽപ്പോലും തന്റെ മടിയിലിരുന്നിട്ടില്ലല്ലോ എന്നതായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഭക്ഷണമേശയ്ക്ക് എതിർവശത്തിരുന്ന ഭാര്യയോട് അദ്ദേഹം ചോദിച്ചു: ‘രേഖ, നീ ഇതുവരെ എന്റെ മടിയിലിരുന്നിട്ടില്ലല്ലോ, എന്താണ് കാരണം?’ ഭർത്താവിന്റെ ചോദ്യം കേട്ട രേഖ ആദ്യം മേശയ്ക്കടിയിലേക്ക് നോക്കി. എന്താണ് തിരയുന്നതെന്ന് ചോദിച്ചപ്പോൾ, ഭർത്താവിന്റെ തലച്ചോറ് താഴെ വീണുപോയോ എന്ന് നോക്കുകയാണെന്നായിരുന്നു രസകരമായ മറുപടി.
തന്റെ ആഗ്രഹം കാര്യമായിത്തന്നെയാണെന്ന് ബോധ്യപ്പെടുത്താൻ രാഹുൽ ഗാന്ധിയുടെ വീഡിയോയും അദ്ദേഹം ഭാര്യയെ കാണിച്ചു. എന്നാൽ വീഡിയോ കണ്ട രേഖയുടെ പ്രതികരണം വെറും ‘അത് കൊള്ളാം’ എന്നതിൽ ഒതുങ്ങി. ഇതോടെ ഭർത്താവിന്റെ പരാതി ഇരട്ടിയായി. ഒടുവിൽ തന്റെ വാദത്തിന് ബലം നൽകാൻ പന്ത്രണ്ടാം നൂറ്റാണ്ടിലെ ശിവപാർവതി വെങ്കലശിൽപത്തിന്റെ ചിത്രവും അദ്ദേഹം കണ്ടെത്തി. പാർവതി ശിവന്റെ മടിയിലിരിക്കുന്ന ശിൽപമായിരുന്നു അത്.
‘നോക്കൂ, പാർവതി പോലും ശിവന്റെ മടിയിലിരുന്നിട്ടുണ്ട്’ എന്നായിരുന്നു ഭർത്താവിന്റെ വാദം. എന്നാൽ ചിത്രം സൂക്ഷിച്ചുനോക്കിയ രേഖ ചോദിച്ചത് മറ്റൊന്നായിരുന്നു. ‘ഈ ശിവന് എത്ര കൈകളുണ്ട്?’ ആറ് കൈകളുണ്ടെന്ന് ഭർത്താവ് മറുപടി നൽകിയപ്പോൾ രേഖയുടെ വിശദീകരണം ഇങ്ങനെയായിരുന്നു: രണ്ട് കൈകൾ കൊണ്ട് പാർവതി താഴെ വീഴാതെ പിടിക്കാം, രണ്ട് കൈകൾ കൊണ്ട് ഭക്ഷണം കഴിക്കാം, ബാക്കി രണ്ട് കൈകൾ കൊണ്ട് ലോകകാര്യങ്ങളും നോക്കാം. എന്നാൽ നിങ്ങൾക്ക് എത്ര കൈകളാണുള്ളതെന്നായിരുന്നു രേഖയുടെ തമാശ കലർന്ന അടുത്ത ചോദ്യം.
ദക്ഷിണേന്ത്യയിലെ ചില വിവാഹച്ചടങ്ങുകളിൽ വധു വരന്റെ മടിയിലിരിക്കുന്ന ആചാരമുണ്ടെന്നും, എന്നാൽ വിവാഹദിവസം ഭാര്യയുടെ അച്ഛൻ അങ്ങനെയൊരു അവസരം ഒരുക്കിയില്ലെന്നും ജംഷദ് പരാതിപ്പെട്ടു. എന്നാൽ ഈ രീതി തമിഴ് ബ്രാഹ്മണ കുടുംബങ്ങളിലും ചില തെലുങ്ക്, കന്നഡ കുടുംബങ്ങളിലുമാണ് ഉള്ളതെന്നും മലയാളി വിവാഹങ്ങളിൽ പൊതുവെ അങ്ങനെയൊരു പതിവില്ലെന്നും രേഖ വ്യക്തമാക്കി. തുടർന്ന് ഭർത്താവിന്റെ കായികക്ഷമതയെക്കുറിച്ചും രേഖ തമാശരൂപേണ ചോദിച്ചു. ആറ് മീറ്റർ കാഞ്ചീപുരം സാരി, 300 ഗ്രാം സ്വർണം, മൂന്ന് കിലോ മുല്ലപ്പൂവ്, 48 കിലോ ഭാരമുള്ള വധു എന്നിവയെല്ലാം കൂടി മടിയിലിരുന്നാൽ ഭർത്താവിന് എത്രനേരം താങ്ങാനാകുമെന്നായിരുന്നു ചോദ്യം. വിവാഹദിവസം അങ്ങനെ ഇരുന്നിരുന്നെങ്കിൽ അഗ്നിക്ക് ചുറ്റും മൂന്ന് വട്ടം നടക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും രേഖ കളിയാക്കി.
തർക്കത്തിൽ തോറ്റുകൊടുക്കാൻ തയ്യാറാകാതിരുന്ന ജംഷദ് ഒടുവിൽ ഒരു വലിയ ഭീഷണി മുഴക്കി. ചില പുരുഷന്മാർക്ക് ഇത്തരം കാര്യങ്ങൾ വിവാഹമോചനത്തിന് വരെ കാരണമാകാറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ ഭാര്യയുടെ മറുപടി അദ്ദേഹത്തെ വീണ്ടും ഞെട്ടിച്ചു. ‘വിവാഹമോചനമോ? ശരി, ആർക്കെന്തൊക്കെ കിട്ടുമെന്ന് നമുക്ക് തീരുമാനിക്കാം’ എന്നായിരുന്നു രേഖയുടെ പ്രതികരണം. രാവിലെ 10 മണിക്ക് എൻഐഐടി ടീമുമായി ഒരു ഓൺലൈൻ മീറ്റിങ് ഉള്ളതിനാൽ അതിന് മുമ്പ് കാര്യങ്ങൾ തീർപ്പാക്കണമെന്നും രേഖ പറഞ്ഞു. അപ്പോൾ സമയം 9.42 ആയിരുന്നു. 22 വർഷത്തെ ദാമ്പത്യത്തിന്റെ ഭാവി തീരുമാനിക്കാൻ ഭാര്യ അനുവദിച്ചത് വെറും 18 മിനിറ്റ് മാത്രം!
ഒരു ഡബിൾ ബെഡ്, സോഫ, ഡൈനിങ് ടേബിൾ, അതിൽ ഒരു കസേര എന്നിവ ഭർത്താവിന് നൽകാമെന്ന് രേഖ തീരുമാനിച്ചു. എന്തുകൊണ്ടാണ് ഒരു കസേര മാത്രം നൽകുന്നതെന്ന ചോദ്യത്തിന് രേഖ നൽകിയ മറുപടി അതിലും രസകരമായിരുന്നു. ‘നിങ്ങൾക്ക് രണ്ട് കസേരകളുടെ ആവശ്യമെന്താണ്? ഈ വഴക്കിന്റെ കാരണവും അതുതന്നെയല്ലേ?’ ഭാര്യയുടെ ഉരുളക്കുപ്പേരി പോലുള്ള മറുപടിയിൽ താൻ തോൽക്കുകയാണെന്ന് ജംഷദിന് മനസ്സിലായി.
അവസാനം ഭർത്താവ് മറ്റൊരു ചോദ്യം കൂടി ചോദിച്ചു. തന്നോട് ഇപ്പോൾ സ്നേഹമില്ലേ, മറ്റാരെങ്കിലും ഭാര്യയുടെ ജീവിതത്തിലുണ്ടോ എന്നായിരുന്നു സംശയം. എന്നാൽ രേഖയുടെ മറുപടി അദ്ദേഹത്തിന്റെ കണ്ണ് നനയിക്കുന്നതായിരുന്നു.
‘ഞാൻ നിങ്ങളെ സ്നേഹിക്കുന്നത് നിർത്തിയിട്ടില്ല, വിഡ്ഢീ. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് നിങ്ങൾ ചുമയ്ക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. ചൂടുവെള്ളം കൊണ്ടുവന്നു തന്നു. അത് കുടിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം നിങ്ങൾ ഉറങ്ങുന്നതും കൂർക്കംവലിക്കുന്നതും കേട്ടുകൊണ്ടാണ് ഞാൻ കിടന്നത്. അപ്പോൾ ഞാൻ എവിടെയായിരുന്നു ഇരുന്നതെന്ന് അറിയാമോ?’ ‘എന്റെ അടുത്ത്,’ ജംഷദ് മറുപടി നൽകി. ‘അതെ, ഞാൻ എപ്പോഴും നിങ്ങളുടെ അടുത്തുതന്നെയാണല്ലോ,’ എന്നായിരുന്നു രേഖയുടെ സ്നേഹം നിറഞ്ഞ മറുപടി. ഭാര്യയുടെ വാക്കുകൾ കേട്ടതോടെ പുലർച്ചെ ചൂടുവെള്ളം നൽകിയതും ഉറക്കത്തിനിടയിൽ തനിക്കരികിൽ കിടക്കാൻ ഇടം നൽകിയതുമെല്ലാം അദ്ദേഹം ഓർത്തെടുത്തു.
അതിനിടെ രേഖ ചായക്കപ്പുമായി ഭർത്താവിന്റെ അരികിലേക്ക് വന്നു. ഒടുവിൽ അദ്ദേഹത്തിന്റെ മടിയിലിരിക്കാൻ ഭാര്യ തയ്യാറായെങ്കിലും, പഴയൊരു ശസ്ത്രക്രിയയുടെ കാര്യം ഓർത്തുകൊണ്ട് ഭർത്താവ് തന്നെ അത് തടഞ്ഞു. വലതുകാലിൽ എസിഎൽ ശസ്ത്രക്രിയ നടത്തിയതിനാൽ ഇടതുകാലിൽ ഇരിക്കാമെന്ന് അദ്ദേഹം നിർദേശിച്ചു. എന്നാൽ അവിടെയും ഒരു ചെറിയ തടസ്സമുണ്ടായി. വിവാഹസമയത്ത് 50 കിലോ ഭാരമുണ്ടായിരുന്ന ഭാര്യ ഇപ്പോൾ അത്രയും ഭാരമുള്ളവളല്ലെന്നായിരുന്നു അതിനുള്ള രസകരമായ കാരണം. ഇരുവരും പൊട്ടിച്ചിരിച്ചു, കൈയിലിരുന്ന ചായ അൽപ്പം തൂവുകയും ചെയ്തു. ഒടുവിൽ ഭാര്യ മറ്റൊരു കസേര വലിച്ചിട്ട് ഭർത്താവിന്റെ അരികിലിരുന്നു. നിലവിൽ ഇരുവരും വിവാഹബന്ധം മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. എവിടെ ഇരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഭാര്യയ്ക്ക് തന്നെ വിട്ടുകൊടുത്തിരിക്കുകയാണ് ഭർത്താവ്. 22 വർഷത്തെ ദാമ്പത്യജീവിതത്തിലെ ചെറിയ പരിഭവങ്ങളും വലിയ സ്നേഹവും നർമവും നിറഞ്ഞ ഈ അനുഭവം പങ്കുവെച്ച ജംഷദ് വി രാജന്റെ കുറിപ്പ് ഇപ്പോൾ വൈറലാവുകയാണ്.




