Sports

‘വാചകമടിക്കാതെ ഫീൽഡിങ് ശ്രദ്ധിക്ക്!’, 2024ൽ നിനക്കും ഇന്ത്യയ്ക്കും സംഭവിച്ചത് കണ്ടതാണ്’, ജയ്സ്വാളിന്റെ പരിഹാസത്തിന് നിക്കോൾസിന്റെ വായടപ്പൻ മറുപടി

വെല്ലിങ്ടൻ: ഇന്ത്യ–ന്യൂസീലൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഗ്രൗണ്ടിൽ യശസ്വി ജയ്സ്വാളും ഹെൻറി നിക്കോൾസും തമ്മിൽ വാക്ക്‌പോര്. സെഞ്ചറി നേടിയ ന്യൂസീലൻഡ് താരം ആദ്യ ഇന്നിങ്സിൽ പുറത്താകാതെ നിന്നിരുന്നു. നിക്കോൾസ് മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ജയ്സ്വാൾ പ്രകോപനത്തിന് ശ്രമിച്ചത്. നിക്കോൾസ് വളരെ പതുക്കെയാണ് കളിക്കുന്നതെന്നും ന്യൂസീലൻഡിന്റെ പകുതി ബാറ്റർമാരും പുറത്തായി ഡ്രസിങ് റൂമിൽ എത്തിയെന്നും ജയ്സ്വാൾ ഫീൽഡിങ്ങിനിടെ പറഞ്ഞു. എന്നാൽ, മിണ്ടാതെ ഫീൽഡിങ്ങിൽ ശ്രദ്ധിക്കാനായിരുന്നു നിക്കോൾസിന്റെ മറുപടി.

ജയ്സ്വാൾ അവിടംകൊണ്ടും നിർത്തിയില്ല. താനായിരുന്നു ബാറ്റ് ചെയ്തിരുന്നതെങ്കിൽ ഭയമില്ലാതെ കളിക്കുമായിരുന്നു എന്ന് ജയ്സ്വാൾ വീണ്ടും പറഞ്ഞു. 2024-ൽ ഇന്ത്യയിൽ നടന്ന പരമ്പരയിൽ ജയ്സ്വാളിനും ഇന്ത്യൻ ടീമിനും എന്താണ് സംഭവിച്ചതെന്ന് കണ്ടിട്ടുണ്ടെന്നായിരുന്നു നിക്കോൾസിന്റെ മറുപടി. അന്നത്തെ പരമ്പരയിൽ ഇന്ത്യ ന്യൂസീലൻഡിനോട് 3–0ന് തോറ്റിരുന്നു. 2012-ന് ശേഷം ഇന്ത്യ സ്വന്തം നാട്ടിൽ ആദ്യമായി ടെസ്റ്റ് പരമ്പര തോറ്റ സംഭവം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു നിക്കോൾസിന്റെ ഈ വായടപ്പൻ മറുപടി.

വെല്ലിങ്ടനിൽ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ സെഞ്ചറി നേടിയ ഹെൻറി നിക്കോൾസ് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 335 പന്തുകൾ നേരിട്ട താരം 21 ഫോറുകളുടെ അകമ്പടിയോടെ 175 റൺസെടുത്ത് പുറത്താകാതെ നിന്നു. ഒന്നാം ഇന്നിങ്സിൽ ന്യൂസീലൻഡ് 368 റൺസിനാണ് ഓൾഔട്ടായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിർത്തുമ്പോൾ 39 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെന്ന ശക്തമായ നിലയിലാണ്. അർധ സെഞ്ചറി നേടിയ ശേഷമാണ് യശസ്വി ജയ്സ്വാൾ പുറത്തായത്. 89 പന്തുകളിൽ നിന്ന് 85 റൺസാണ് ജയ്സ്വാൾ നേടിയത്. മാറ്റ് ഹെൻറി എറിഞ്ഞ 28-ാം ഓവറിലെ അഞ്ചാം പന്തിൽ ബാറ്റിൽ ഉരസിയ പന്ത് വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടൽ ക്യാച്ചെടുത്ത് ജയ്സ്വാളിനെ പുറത്താക്കുകയായിരുന്നു.