Celebrity

‘ മകള്‍ ഐശ്വര്യ മദ്യപാനി’; അപവാദപ്രചാരണം; നിയമനടപടിയുമായി അർജുൻ

തന്റെ മൂത്ത മകൾ ഐശ്വര്യയ്ക്കെതിരെ പ്രചരിക്കുന്ന വ്യാജവും അപകീർത്തികരവുമായ വാർത്തകൾക്കെതിരെ നിയമനടപടിയുമായി നടൻ അർജുൻ സർജ. മകളുടെ വ്യക്തിജീവിതത്തെയും ദാമ്പത്യത്തെയും കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ചെന്നൈ പൊലീസിൽ പരാതി നൽകി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അർജുൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

അർജുന്റെ ഇളയ മകൾ അഞ്ജനയുടെ ഇറ്റലിയിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഐശ്വര്യയ്ക്കെതിരെ സൈബർ ആക്രമണം തുടങ്ങിയത്. കഴിഞ്ഞ മാസം ഒക്ടോബർ 19-നായിരുന്നു അഞ്ജനയുടെ വിവാഹം. ഈ ചിത്രങ്ങളിൽ ഐശ്വര്യയുടെ ഭർത്താവും നടനുമായ ഉമാപതി രാമയ്യയെ കാണാതിരുന്നതോടെ ഇരുവരും വേർപിരിയുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. കൂടാതെ, ഐശ്വര്യ മദ്യപാനിയാണെന്ന് ആരോപിച്ചുള്ള മോശം പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ വന്നിരുന്നു. 2024 ജൂണിലായിരുന്നു ഐശ്വര്യയും നടൻ തമ്പി രാമയ്യയുടെ മകനായ ഉമാപതിയും വിവാഹിതരായത്.

സിനിമാ താരങ്ങളെന്ന നിലയിൽ പൊതുജീവിതത്തിൽ ഊഹാപോഹങ്ങൾ സ്വാഭാവികമാണെങ്കിലും, അടിസ്ഥാനരഹിതമായ കഥകൾ ഉണ്ടാക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും അംഗീകരിക്കാനാവില്ലെന്ന് അർജുൻ പറഞ്ഞു. യാതൊരു തെളിവുമില്ലാതെ ഒരു സ്ത്രീയെ മദ്യപാനിയായി ചിത്രീകരിക്കുന്നത് പോലുള്ള തരംതാണ പരാമർശങ്ങൾ അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.

മകളുടെ സ്വകാര്യതയെ മാനിച്ചാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും, ആവശ്യമെങ്കിൽ ഉചിതമായ സമയത്ത് ഐശ്വര്യ തന്നെ ഇക്കാര്യത്തിൽ മറുപടി നൽകുമെന്നും അർജുൻ വ്യക്തമാക്കി. മൗനത്തെ സമ്മതമായി തെറ്റിദ്ധരിക്കരുതെന്നും ഇനിയും ഇത്തരം വ്യാജപ്രചാരണങ്ങൾ തുടർന്നാൽ കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് തന്റെ മകളുടെ മാത്രം പ്രശ്നമല്ലെന്നും, അന്തസ്സോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഓരോ സ്ത്രീയുടെയും അഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്നും അർജുൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.