Spotlight

ഗവർണർ പദവി, വനിതാ കമ്മിഷൻ അധ്യക്ഷ; ‘ ഒന്നും കിട്ടിയില്ല !’ പത്മജ വേണുഗോപാൽ ബി.ജെ.പി. വിടുന്നു?

തൃശൂർ: പത്മജ വേണുഗോപാൽ ബി.ജെ.പി. വിടാനൊരുങ്ങുന്നതായി സൂചന. ദേശീയ നേതൃത്വവുമായും സംസ്ഥാന അധ്യക്ഷനുമായും നടത്തിയ നിർണായക ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഇവർ എത്തിയതെന്നാണ് വിവരം. അടുത്ത ദിവസം തന്നെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് രാജിക്കത്ത് കൈമാറുമെന്ന് പത്മജയോട് അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്ന് പത്മജ പൂർണമായും വിട്ടുനിൽക്കുകയായിരുന്നു. പാർട്ടിയുടെ പ്രധാന പരിപാടികളിലോ ചർച്ചകളിലോ പത്മജ പങ്കെടുത്തിരുന്നില്ല. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയപ്പോൾ പ്രതീക്ഷിച്ച സ്ഥാനമാനങ്ങളും അർഹമായ അംഗീകാരവും ലഭിച്ചില്ലെന്നാണ് പത്മജയുടെ പരാതി.

ഗവർണർ, ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ പദവി തുടങ്ങിയവയിലൊന്ന് പത്മജ ലക്ഷ്യമിട്ടിരുന്നതായാണ് വിവരം. ഇതൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, അടുത്തിടെ ദേശീയ വനിതാ കമ്മിഷൻ അംഗമായി നിയമിച്ചത് തൃശൂർ ജില്ലയിൽ നിന്നുള്ള മറ്റൊരു വനിതാ നേതാവിനെയാണ്. ഇതുസംബന്ധിച്ച പ്രഖ്യാപനം വരുന്നതുവരെ പത്മജയ്ക്ക് ഇക്കാര്യത്തിൽ സൂചനയൊന്നും ലഭിച്ചിരുന്നില്ല. ഇത് കടുത്ത അവഗണനയും അവഹേളനവുമായാണ് പത്മജ അടുത്ത അനുയായികളോട് പങ്കുവെച്ചത്.

അതേസമയം, കോൺഗ്രസ് നേതൃത്വവുമായി പത്മജ പ്രാഥമിക ചർച്ചകൾ നടത്തിയതായും വിവരമുണ്ട്. പത്മജയ്ക്കൊപ്പം ബി.ജെ.പിയിലേക്ക് പോയ ഒരു വിഭാഗം പ്രവർത്തകരും കോൺഗ്രസിലേക്ക് തിരിച്ചുവരാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, രാജി സംബന്ധിച്ച് പത്മജയുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

കഴിഞ്ഞ മാസവും സമാനമായ വാർത്തകൾ പുറത്തുവന്നപ്പോൾ പത്മജ അവ പൂർണമായും നിഷേധിച്ചിരുന്നു. തുടർന്നും പാർട്ടിയിൽ നിന്ന് അർഹമായ പരിഗണന ലഭിക്കാത്തതാണ് പുതിയ നീക്കങ്ങൾക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ പത്മജയ്ക്ക് സാധിച്ചിരുന്നില്ല.

തൃശൂരിലെ ചില മുതിർന്ന നേതാക്കൾക്കെതിരെ സാമ്പത്തിക ആരോപണങ്ങൾ ഉൾപ്പെടെ ഉന്നയിച്ചായിരുന്നു പത്മജ കോൺഗ്രസ് വിട്ടത്. അതിനാൽ പത്മജയുടെ തിരിച്ചുവരവിനെ ഇവരെല്ലാം എതിർക്കുമെന്നുറപ്പാണ്. എന്നാൽ, ജില്ലയിലെ കോൺഗ്രസിനുള്ളിലെ മാറിയ രാഷ്ട്രീയ സമവാക്യങ്ങളും കെ. കരുണാകരന്റെ പ്രിയ ശിഷ്യനായ കെ.സി. വേണുഗോപാലിന്റെ പിന്തുണയും ഈ എതിർപ്പുകളെ മറികടക്കാൻ സഹായിക്കുമെന്നാണ് പത്മജയുടെ അനുയായികളുടെ കണക്കുകൂട്ടൽ.

അതേസമയം, ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ സമ്മർദ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. അനുനയ നീക്കങ്ങളിലൂടെ പത്മജയെ പാർട്ടിയിൽ തന്നെ നിലനിർത്തണമെന്ന അഭിപ്രായവും ബി.ജെ.പിയിൽ ചിലർക്കുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ ദേവൻ ബി.ജെ.പി. വിട്ടിരുന്നു. പത്മജ കൂടി പാർട്ടി വിടുന്ന സാഹചര്യമുണ്ടായാൽ അത് ജില്ലയിൽ ബി.ജെ.പിയുടെ പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്നാണ് ഇവരുടെ വാദം.