Crime Featured

40 കോടിയുടെ സ്വർണ്ണം കവർന്ന ശേഷം ‘ഞങ്ങൾ വീണ്ടും വരും’ എന്ന് മോഷ്ടാക്കളുടെ വെല്ലുവിളി! – വിഡിയോ

പാട്‌ന: പശ്ചിമ ചമ്പാരൻ ജില്ലയിലെ ബെത്തിയയിലുള്ള ജൂവല്ലറി ഷോറൂമിൽ പട്ടാപ്പകൽ വൻ കവർച്ച നടന്നു. ആയുധധാരികളായ എട്ടംഗ സംഘമാണ് മോഷണത്തിനെത്തിയത്. ഏകദേശം 30 മുതൽ 40 കോടി രൂപ വരെ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കൊള്ളയടിക്കപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ബെത്തിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കവർച്ചകളിലൊന്നായാണ് പോലീസ് ഈ സംഭവത്തെ കാണുന്നത്.

മൂന്ന് ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘമാണ് കവർച്ച നടത്തിയത്. ഷോറൂമിലേക്ക് അതിക്രമിച്ചു കയറിയ സംഘം തോക്കുകളും മാരകായുധങ്ങളും ചൂണ്ടി ജീവനക്കാരെയും ഇടപാടുകാരെയും ഭീഷണിപ്പെടുത്തി ബന്ദികളാക്കി. ആരും ചെറുത്തുനിൽക്കാതിരിക്കാനും പോലീസിനെ അറിയിക്കാതിരിക്കാനുമായി കടയിലുണ്ടായിരുന്നവരുടെ കൈകൾ കെട്ടിയിടുകയും മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങുകയും ചെയ്തു. തുടർന്ന് എല്ലാവരെയും ഒരു ഭാഗത്തേക്ക് മാറ്റിയ ശേഷം ഷോറൂമിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കവരുകയായിരുന്നു. മോഷണം തടയാൻ ശ്രമിച്ച രണ്ടുപേരുടെ തലയ്ക്ക് അക്രമികളുടെ അടിയേറ്റ് പരിക്കേറ്റു.

ഷോറൂമിൽ നിന്നും മടങ്ങുമ്പോൾ ‘ഞങ്ങൾ വീണ്ടും വരും, ഇതൊരു സിനിമയാണ്’ എന്ന് അക്രമികൾ പറഞ്ഞതായി അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ വെളിപ്പെടുത്തി. കവർച്ചയുടെ മുഴുവൻ ദൃശ്യങ്ങളും കടയിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

വിവരമറിഞ്ഞ ഉടൻ തന്നെ ഡി.ഐ.ജി ഹരികിഷോർ റായ്, എസ്.പി കുമാർ ഗൗതം, ഡി.എസ്.പി അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നഷ്ടപ്പെട്ട ആഭരണങ്ങളുടെ കൃത്യമായ മൂല്യം തിട്ടപ്പെടുത്തി വരികയാണെന്നും, സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയതായും പോലീസ് വ്യക്തമാക്കി.