Health

എല്ലാ വർഷവും ഫുൾ ബോഡി ചെക്കപ്പ് ആവശ്യമുണ്ടോ? നിർബന്ധമായും ഉൾപ്പെടുത്തേണ്ട പരിശോധനകൾ ഏതൊക്കെ?

പ്രതിരോധ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് വാർഷിക ആരോഗ്യ പരിശോധനകളെ (Annual health check-ups) പലരും കാണുന്നത്. എന്നാൽ, ഒരാളുടെ പ്രായം, മുൻകാല രോഗവിവരങ്ങൾ, ജീവിതശൈലി, മറ്റ് ആരോഗ്യ അപകടസാധ്യതകൾ എന്നിവയെ ആശ്രയിച്ച് ഓരോ വ്യക്തിക്കും ഇത്തരം പരിശോധനകളുടെ ആവശ്യകത വ്യത്യാസപ്പെട്ടിരിക്കുമെന്ന് ബെംഗളൂരു അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. രവി കേസരി എച്ച്.ടി ലൈഫ്സ്റ്റൈലിനോട് പറഞ്ഞു. രോഗസാധ്യതകൾ നേരത്തെ തിരിച്ചറിയുന്നതിൽ പ്രതിരോധ പരിശോധനകൾക്ക് വലിയ പങ്കുണ്ടെങ്കിലും, എല്ലാവരും എല്ലാ വർഷവും സമഗ്രമായ പരിശോധനകൾക്ക് വിധേയരാകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വ്യക്തിയുടെ ആരോഗ്യനില വിലയിരുത്തുന്നതിനും പ്രാരംഭ ഘട്ടത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന രോഗങ്ങളും അപകടസാധ്യതകളും കണ്ടെത്തുന്നതിനുമാണ് പ്രധാനമായും ജനറൽ ഹെൽത്ത് ചെക്കപ്പുകൾ നടത്തുന്നത്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ പല രോഗങ്ങളും സാവധാനത്തിലാണ് വികസിക്കുന്നത്. അവ ഗുരുതരമാകുന്നത് വരെ വർഷങ്ങളോളം തിരിച്ചറിയപ്പെടാതെ കിടക്കാൻ സാധ്യതയുണ്ട്.

വ്യക്തിഗത ആരോഗ്യ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഇടവേളകളിൽ വേണം ആരോഗ്യ പരിശോധനകൾ നടത്തേണ്ടതെന്ന് ഡോ. കേസരി പറയുന്നു. 35 വയസ്സിന് മുകളിലുള്ള മുതിർന്നവർക്ക്, പ്രത്യേകിച്ച് വ്യായാമമില്ലാത്ത ജീവിതശൈലി നയിക്കുന്നവർക്കും, അനാരോഗ്യകരമായ ഭക്ഷണശീലമുള്ളവർക്കും, പാരമ്പര്യമായി രോഗസാധ്യതയുള്ളവർക്കും കൂടുതൽ തവണ പരിശോധനകൾ ആവശ്യമായി വന്നേക്കാം. പ്രമേഹം, രക്തസമ്മർദ്ദം, തൈറോയ്ഡ് രോഗങ്ങൾ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത അസുഖങ്ങളുള്ളവർക്കും ഇത് ബാധകമാണ്. പൂർണ്ണ ആരോഗ്യവാന്മാരായ യുവാക്കൾക്ക് വാർഷിക ഹെൽത്ത് പാക്കേജുകൾ ആവശ്യമായി വരില്ല. എങ്കിലും, ജീവിതശൈലി രീതികൾ, പ്രതിരോധ കുത്തിവയ്പ്പുകൾ, മാനസികാരോഗ്യം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിന് ഇടയ്ക്കിടെയുള്ള ഡോക്ടർ സന്ദർശനം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുകവലിക്കുന്നവർ, മദ്യപിക്കുന്നവർ, നിരന്തരമായ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ, അമിതവണ്ണമുള്ളവർ എന്നിവരും കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.

ഡോ. കേസരിയുടെ അഭിപ്രായത്തിൽ, അർത്ഥവത്തായ ഒരു ആരോഗ്യ പരിശോധന ആരംഭിക്കേണ്ടത് വ്യക്തിയുടെ രോഗചരിത്രം, കുടുംബത്തിലെ രോഗപാരമ്പര്യം, ജീവിതശൈലി, നിലവിലുള്ള ലക്ഷണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വിശദമായ കൺസൾട്ടേഷനിലൂടെയാണ്. രക്തസമ്മർദ്ദം, ബോഡി മാസ് ഇൻഡക്സ് (BMI), മറ്റ് പ്രസക്തമായ ശാരീരിക പരിശോധനകൾ എന്നിവ അടിസ്ഥാന പരിശോധനകളിൽ ഉൾപ്പെടുന്നു. പ്രായവും വ്യക്തിഗത അപകടസാധ്യതകളും അനുസരിച്ച് ബ്ലഡ് ഗ്ലൂക്കോസ് അല്ലെങ്കിൽ HbA1c പരിശോധന, ലിപിഡ് പ്രൊഫൈൽ, കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC), വൃക്ക-കരൾ പ്രവർത്തന പരിശോധനകൾ എന്നിവ നിർദ്ദേശിക്കാവുന്നതാണ്. തൈറോയ്ഡ് പരിശോധന, വിറ്റാമിൻ അളവ്, ഹൃദയ പരിശോധനകൾ തുടങ്ങിയ അധിക പരിശോധനകൾ വൈദ്യശാസ്ത്രപരമായി ആവശ്യമാണെങ്കിൽ മാത്രമേ നിർദ്ദേശിക്കാവൂ. ഇതിനൊപ്പം പ്രായത്തിനും അപകടസാധ്യതകൾക്കും അനുസരിച്ചുള്ള ക്യാൻസർ സ്ക്രീനിംഗുകൾ, നേത്ര-ദന്ത പരിശോധനകൾ, വാക്സിനേഷനുകൾ, മാനസികാരോഗ്യ പരിശോധനകൾ എന്നിവയും പ്രധാനമാണ്.

കൂടുതൽ പരിശോധനകൾ നടത്തുന്നത് മികച്ച ആരോഗ്യം ഉറപ്പുനൽകുന്നു എന്നത് പ്രതിരോധ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള ഏറ്റവും സാധാരണമായ തെറ്റിദ്ധാരണകളിലൊന്നാണെന്ന് ഡോ. കേസരി പറയുന്നു. അനാവശ്യ പരിശോധനകൾ ചിലപ്പോൾ തെറ്റായ ഫലങ്ങളിലേക്കും (False positives), അനാവശ്യമായ ഉത്കണ്ഠയിലേക്കും, അമിതമായ സാമ്പത്തിക ചെലവിലേക്കും നയിച്ചേക്കാം. എത്ര പരിശോധനകൾ നടത്തി എന്നതിലുപരി, ഒരു വ്യക്തിയുടെ പ്രത്യേക ആരോഗ്യ ആവശ്യങ്ങളെ അത് എത്രത്തോളം അഭിസംബോധന ചെയ്യുന്നു എന്നതിലാണ് നല്ലൊരു വാർഷിക ആരോഗ്യ പരിശോധനയുടെ വിജയം. ശരിയായ തീരുമാനങ്ങൾ എടുക്കുക, യഥാർത്ഥ അപകടസാധ്യതകൾ തിരിച്ചറിയുക, ജീവിതശൈലിയിൽ സുസ്ഥിരമായ മാറ്റങ്ങൾ വരുത്തുക എന്നിവയാണ് പ്രധാനം. മികച്ച ആരോഗ്യം നിലനിർത്തുന്നതിന് കൃത്യമായ ഇടവേളകളിലുള്ള ഡോക്ടറുടെ ഉപദേശം, ശരിയായ പോഷകാഹാരം, വ്യായാമം, മതിയായ വിശ്രമം എന്നിവ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.