വീട്ടുജോലികൾ താൻ നോക്കാമെന്നും ഭാര്യ കുടുംബത്തിന്റെ പ്രധാന വരുമാനദാതാവാകണമെന്നും ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു ഇന്ത്യൻ യുവാവിന്റെ റെഡ്ഡിറ്റ് പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഒരു മുഴുവൻ സമയ ഹോംമേക്കർ ആകാൻ ആഗ്രഹിക്കുന്നുവെന്നും, ഇന്ത്യൻ വിവാഹങ്ങളിൽ സാധാരണയായി കണ്ടുവരുന്ന പരമ്പരാഗത റോളുകൾ മാറ്റിമറിക്കാൻ തയ്യാറുള്ള ഒരു പങ്കാളിയെയാണ് താൻ തേടുന്നതെന്നും യുവാവ് പറയുന്നു. ഭാര്യയ്ക്ക് ഇഷ്ടമുള്ള ജോലിയോ ബിസിനസ്സോ കരിയറോ തിരഞ്ഞെടുക്കാമെന്നും, പാചകം, വീട് വൃത്തിയാക്കൽ, വസ്ത്രങ്ങൾ അലക്കൽ തുടങ്ങി എല്ലാ വീട്ടുജോലികളുടെയും ഉത്തരവാദിത്തം താൻ ഏറ്റെടുക്കാൻ തയ്യാറാണെന്നും റെഡ്ഡിറ്റ് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.
ഭാര്യ പ്രധാന വരുമാനക്കാരിയായി സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുകയും, താൻ വീട് നോക്കുകയും ചെയ്യുന്ന സ്നേഹപൂർണ്ണവും തുല്യവുമായ ഒരു ദാമ്പത്യമാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ വേണ്ടാത്ത ഒരു വിവാഹജീവിതമാണ് താൻ ഇഷ്ടപ്പെടുന്നതെന്നും യുവാവ് വ്യക്തമാക്കിയിട്ടുണ്ട്. “ഞാൻ വീട് നോക്കുമ്പോൾ കുടുംബത്തിന്റെ പ്രധാന വരുമാനക്കാരിയാകാനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനും തയ്യാറുള്ള ഒരു ഭാര്യയെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. കുട്ടികൾ വേണ്ടാത്ത വിവാഹമാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ കാര്യത്തിൽ ഞാൻ ഗൗരവമുള്ളവനാണ്, സ്നേഹവും ബഹുമാനവും തുല്യതയുമുള്ള ഒരു ബന്ധം കെട്ടിപ്പടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം കുറിച്ചു.
ഇന്ത്യയിലെ സ്ത്രീകൾ ഇത്തരമൊരു ക്രമീകരണത്തിന് തയ്യാറാകുമോ എന്ന് ചോദിച്ച അദ്ദേഹം, സമാനമായ പ്രതീക്ഷകളുള്ള ഒരു പങ്കാളിയെ കണ്ടെത്താൻ താൻ ഗൗരവമായി ശ്രമിക്കുകയാണെന്നും കൂട്ടിച്ചേർത്തു. പോസ്റ്റിന്റെ എഡിറ്റിൽ തന്റെ ഉയരം, രൂപം, കുടുംബപശ്ചാത്തലം എന്നിവയെക്കുറിച്ചുള്ള ചില വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു. പ്രതിവർഷം കുറഞ്ഞത് 12 ലക്ഷം രൂപയെങ്കിലും വരുമാനമുള്ള ഒരു സ്ത്രീയെയാണ് താൻ തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. പരമ്പരാഗതമായി സ്ത്രീകളുടേതായി കരുതപ്പെടുന്ന വീട്ടുജോലികൾ ഏറ്റെടുക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയെ ചില ഉപയോക്താക്കൾ അഭിനന്ദിച്ചു. വിവാഹബന്ധങ്ങളിൽ സ്ത്രീകൾ പരമ്പരാഗതമായി ചെയ്യേണ്ടിവരുന്ന ഉത്തരവാദിത്തങ്ങൾ പുരുഷന്മാർ തുറന്നു സ്വീകരിക്കുന്നത് പ്രോത്സാഹജനകമാണെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. എന്നാൽ, ബന്ധത്തിൽ വിട്ടുവീഴ്ചകളും പൊരുത്തപ്പെടലുകളും നടത്താൻ ഈ യുവാവ് ഒരുപോലെ തയ്യാറാകുമോ എന്ന് മറ്റൊരു റെഡ്ഡിറ്റ് ഉപയോക്താവ് സംശയം പ്രകടിപ്പിച്ചു.




