ജപ്പാനിൽ ടിക് ടോക് ലൈവ് സ്ട്രീമിങ്ങിനിടെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് വീണ് 14-കാരി മരിച്ചു. ക്യാമറയിൽ പതിഞ്ഞ ഈ ദാരുണ സംഭവം പെൺകുട്ടിയുടെ സുഹൃത്തുക്കളെയും ഫോളോവേഴ്സിനെയും വലിയ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്.
റുക്ക (Ruka) എന്ന് തിരിച്ചറിഞ്ഞ പെൺകുട്ടി അപ്പാർട്ട്മെന്റിന്റെ ബാൽക്കണി കൈവരിയിൽ ഇരിക്കുന്നതിനിടെ ബാലൻസ് തെറ്റി പിന്നിലേക്ക് വീഴുകയായിരുന്നു. വീഴ്ച ഒഴിവാക്കാനായി ഏതാനും നിമിഷങ്ങൾ കൈവരിയിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും പിടിവിട്ട് താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റുക്ക പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മിഡിൽ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു റുക്ക.
ലൈവ് സ്ട്രീമിങ്ങിനിടെ “എനിക്ക് വിശക്കുന്നു”, “എനിക്ക് പേടിയാകുന്നു”, “ഇത് അപകടകരമാണ്” തുടങ്ങിയ വാചകങ്ങൾ പെൺകുട്ടി ആവർത്തിച്ച് പറയുന്നത് ചില കാഴ്ചക്കാർ കേട്ടതായി റിപ്പോർട്ടുകളുണ്ട്. അപകടത്തിന് പിന്നാലെ ലൈവ് സ്ട്രീമിങ് അവസാനിച്ചു.
തത്സമയ സംപ്രേഷണത്തിനിടെ നടന്ന ഈ ദുരന്തം പെൺകുട്ടിയുടെ സുഹൃത്തുക്കളെയും ഫോളോവേഴ്സിനെയും നടുക്കിയിരിക്കുകയാണ്. അടുത്ത കാലത്തായി അവൾ നേരിട്ടിരുന്ന വ്യക്തിപരമായ പ്രയാസങ്ങളെക്കുറിച്ചും മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചും അടുപ്പമുള്ള ചിലർ വെളിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.




