Featured Oddly News

കല്യാണം കഴിച്ചാൽ രോഗം മാറുമോ? ഏതുപ്രായക്കാര്‍ക്കുമാകാം, മുത്തച്ഛനോ മുത്തശ്ശിക്കോ കെട്ടാം; വിചിത്ര ആചാരം വീണ്ടും ചർച്ചയാകുന്നു

മാരകരോഗങ്ങൾ മാറാനും കുടുംബത്തിലെ ദൗർഭാഗ്യങ്ങൾ ഒഴിവാക്കാനും രോഗബാധിതനായ വ്യക്തിയുടെ വിവാഹം നടത്തിക്കൊടുക്കുന്ന പുരാതന ചൈനീസ് ആചാരമായ ‘ചോങ് സി’ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. ‘സന്തോഷം കൊണ്ട് ദൗർഭാഗ്യത്തെ മറികടക്കുക’ എന്നാണ് ഈ ആചാരത്തിന്റെ അർത്ഥം.

വിവാഹം പോലുള്ള മംഗളകരമായ ചടങ്ങുകൾ രോഗിയുടെ മനസ്സിന് സന്തോഷം നൽകുമെന്നും അതുവഴി അസുഖങ്ങളും ദുരിതങ്ങളും മാറുമെന്നുമായിരുന്നു പഴയകാല ചൈനക്കാരുടെ വിശ്വാസം. വൈദ്യശാസ്ത്രം അത്രയൊന്നും വളർന്നിട്ടില്ലാത്ത കാലത്താണ് ഇത്തരമൊരു വിശ്വാസം ഉടലെടുത്തത്.

പുരാതന ചൈനയിൽ ഒരാൾക്ക് ഗുരുതരമായ രോഗം ബാധിച്ചാൽ അയാളുടെ വിവാഹം വേഗത്തിൽ നടത്തുന്ന പതിവുണ്ടായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ ആളാണെങ്കിൽ, നേരത്തെ തീരുമാനിച്ച തീയതിക്ക് മുൻപേ തന്നെ വിവാഹം നടത്തും. അവിവാഹിതനാണെങ്കിൽ അസുഖം മാറുമെന്ന പ്രതീക്ഷയിൽ വീട്ടുകാർ തിടുക്കത്തിൽ വധുവിനെ കണ്ടെത്തി വിവാഹച്ചടങ്ങുകൾ സംഘടിപ്പിക്കും.

രോഗം മൂർച്ഛിച്ചതിനാൽ ചടങ്ങുകളിൽ പങ്കെടുക്കാനോ ആചാരങ്ങൾ ചെയ്യാനോ വരന് കഴിയാതെ വന്നാൽ, പകരം കുടുംബത്തിലെ മറ്റൊരാളെ ഇതിനായി നിയോഗിക്കുന്ന രീതിയും നിലനിന്നിരുന്നു.

രോഗബാധിതനായ യുവാവിന് വേണ്ടി മാത്രമല്ല, കുടുംബത്തിലെ അച്ഛനോ മുത്തച്ഛനോ മുത്തശ്ശിക്കോ ദീർഘകാലമായി ഗുരുതരമായ അസുഖം ബാധിക്കുമ്പോഴും കുടുംബം വലിയ പ്രതിസന്ധികൾ നേരിടുമ്പോഴും ഈ ആചാരം പിന്തുടർന്നിരുന്നു. ചില സാഹചര്യങ്ങളിൽ രോഗിയായ സ്ത്രീയുടെ അസുഖം ഭേദമാകാനും ഇത്തരത്തിൽ വിവാഹം നടത്തിക്കൊടുത്തിരുന്നു.

സോങ് രാജവംശത്തിന്റെ ഭരണകാലമായ 960–1127 കാലത്താണ് ഈ ആചാരം തുടങ്ങിയതെന്നാണ് കരുതപ്പെടുന്നത്. പിന്നീട് മിങ്, ക്വിങ് രാജവംശങ്ങളുടെ കാലത്ത് (1368–1912) ഇത് വ്യാപകമായി പ്രചരിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും ചൈനയിൽ ഈ ആചാരം നിലനിന്നിരുന്നു.

ചില സന്ദർഭങ്ങളിൽ ചോങ് സി ആചാരം നിയമവിരുദ്ധമായിരുന്നു. പുരാതന ചൈനയിൽ പൂർവ്വികരോട് വലിയ ആദരവുണ്ടായിരുന്നു. അതിനാൽ ഒരാളുടെ മാതാപിതാക്കളോ മുത്തച്ഛനോ മുത്തശ്ശിയോ മരിച്ചാൽ തുടർന്നുള്ള മൂന്ന് വർഷത്തെ ദുഃഖാചരണ കാലയളവിൽ വിവാഹം കഴിക്കാൻ നിയമപരമായി അനുവാദമുണ്ടായിരുന്നില്ല.

എന്നാൽ മിങ് രാജവംശത്തിലെ ഒരു ഗവർണർ ഈ നിയമത്തിൽ ചില ഇളവുകൾ നൽകി. ദുഃഖാചരണ കാലയളവിൽ രോഗം മാറാനായി നടത്തിയ വിവാഹത്തിന് ശേഷം യുവാവ് സുഖം പ്രാപിച്ചാൽ ശിക്ഷയുണ്ടാകില്ലെന്നായിരുന്നു വ്യവസ്ഥ. എന്നാൽ വിവാഹം നടത്തിയിട്ടും വരൻ മരിച്ചുപോയാൽ നിയമലംഘനത്തിന് കുടുംബം ശിക്ഷ അനുഭവിക്കേണ്ടിവരുമായിരുന്നു.

സ്ത്രീകളോട് കടുത്ത അനീതി കാണിക്കുന്ന ആചാരമെന്ന നിലയിൽ ചോങ് സി വലിയ രീതിയിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇത്തരം വിവാഹങ്ങളിലെ പെൺകുട്ടികൾ വിധവകളാകേണ്ടി വന്നിരുന്നു എന്നതാണ് ഇതിനെതിരെയുള്ള പ്രധാന വിമർശനം.