Featured Oddly News

“ഇന്നു പൂട്ടിക്കോണം നിന്റെ കട…”; പിതാവിനെ തല്ലിയതിന് പകരം ചോദിച്ച് പെൺമക്കൾ; ദോശക്കട അടിച്ചുതകർത്തു! – വീഡിയോ

തന്റെ പിതാവിനെ ഇരുപത്തിയഞ്ചോളം പേർ ചേർന്ന് മാസങ്ങള്‍ക്കുമുന്‍പ് ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ൽ ഇതുവരെ പോലീസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു പെൺകുട്ടി ദോശക്കട അടിച്ചുതകർത്തു. ദോശക്കടയിലെ ജീവനക്കാര്‍ പിതാവിനെ ആക്രമിച്ച് രണ്ട് മാസം പിന്നിട്ടിട്ടും പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം.

നവംബർ 14-ന് രാത്രി എട്ട് മണിയോടെ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പിതാവിന് നേരെ ആക്രമണമുണ്ടായി രണ്ട് മാസത്തോളമായിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ പെൺകുട്ടി വീഡിയോയിൽ ചോദ്യം ചെയ്യുന്നുണ്ട്. ഉത്തർപ്രദേശിലെ വാരണാസിയിലാണ് സംഭവം.

വൈറലായ ദൃശ്യങ്ങളിൽ പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച പെൺകുട്ടി, കടയിലെ ജോലിക്കാർ ദോശ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റ് സാധനങ്ങളും ദേഷ്യത്തോടെ റോഡിലേക്ക് വലിച്ചെറിയുന്നത് കാണാം. ഈ സമയം, ഇരുപത്തിയഞ്ചോളം പേർ ചേർന്ന് തങ്ങളുടെ പിതാവിനെ എങ്ങനെയാണ് മർദ്ദിച്ചതെന്ന് പെൺകുട്ടി വിവരിക്കുന്നതും കടയിലെ സാധനങ്ങൾ നശിപ്പിക്കുന്നതുമെല്ലാം അവളുടെ സഹോദരി മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു.

പോലീസിന്റെ നിഷ്ക്രിയത്വത്തിൽ കടുത്ത രോഷം പ്രകടിപ്പിച്ച പെൺകുട്ടി, ജൂൺ ഒന്നിന് തന്റെ പിതാവിനെ ആക്രമിച്ചവർ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നു. അക്രമികൾക്കെതിരെ നടപടിയെടുക്കാൻ വൈകുന്നതിൽ യോഗി ആദിത്യനാഥ് നയിക്കുന്ന ഉത്തർപ്രദേശ് സർക്കാർ മറുപടി പറയണമെന്നും അവൾ ആവശ്യപ്പെടുന്നുണ്ട്.

തുടക്കത്തിൽ സഹോദരി അവളെ ശാന്തയാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അതൊന്നും വകവെക്കാതെ പെൺകുട്ടി കടയിലെ സാധനങ്ങൾ നശിപ്പിക്കുന്നത് തുടരുകയാണ്. പിതാവിന് നേരെയുണ്ടായ ആക്രമണത്തെയും കേസിൽ നടപടിയുണ്ടാകാത്തതിനെയും കുറിച്ച് അവൾ ആവർത്തിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നതിലൂടെ അവളുടെ നിരാശയും ദേഷ്യവും വ്യക്തമാണ്.

ബഹളം നടക്കുന്നതിനിടെ നിരവധി ആളുകൾ സ്ഥലത്ത് തടിച്ചുകൂടി. സമീപത്ത് കുട്ടികളുണ്ടെന്നും അതിനാൽ പ്രശ്നമുണ്ടാക്കുന്നത് നിർത്തണമെന്നും അജ്ഞാതയായ ഒരു സ്ത്രീ പെൺകുട്ടിയോട് ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ കേൾക്കാം.

എന്നാൽ, ദൃശ്യങ്ങൾ പകർത്തുകയായിരുന്ന സഹോദരിയുടെ മൊബൈൽ ഫോൺ ഈ സ്ത്രീ പിടിച്ചുവാങ്ങാൻ ശ്രമിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയും ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടാവുകയും ചെയ്തു. കടയുമായി ബന്ധമുള്ളവരാണോ എന്ന് സ്ഥിരീകരിക്കാത്ത ഏതാനും പുരുഷന്മാരും തർക്കത്തിൽ ഇടപെടാൻ എത്തി. അവർ തടയാൻ ശ്രമിച്ചിട്ടും പിന്മാറാൻ തയ്യാറാകാതിരുന്ന സഹോദരിമാർ, തങ്ങളെ എതിർത്തവരോട് ചോദ്യങ്ങൾ ഉന്നയിക്കുന്നത് തുടർന്നു.

വീഡിയോ പുറത്തുവന്നതോടെ പെൺകുട്ടികളുടെ പിതാവിന് നേരെയുണ്ടായ ആക്രമണവും പോലീസ് നടപടി വൈകുന്നു എന്ന ആരോപണവും വീണ്ടും ചർച്ചയായിരിക്കുകയാണ്. രണ്ട് മാസത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പോലീസ് ഇപ്പോൾ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.