Celebrity Featured

‘പ്രണയം, പിരിഞ്ഞു; പിന്നെ പലരേയും ഡേറ്റ് ചെയ്തു; വീണ്ടും പഴയ കാമുകനിലേക്ക് തിരികെയെത്തി’; കാജലിന്റെ പ്രണയകഥ

നിതേഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണ’ തിയറ്ററുകളിൽ മികച്ച പ്രദർശനം തുടരുമ്പോൾ, രാവണന്റെ പത്നിയായ മണ്ഡോദരിയുടെ വേഷത്തിൽ തിളങ്ങുകയാണ് തെന്നിന്ത്യൻ പ്രിയനായിക കാജൽ അഗർവാൾ. ചിത്രത്തിൽ ഏറ്റവും സുന്ദരിയായി പ്രത്യക്ഷപ്പെടുന്നത് കാജലാണെന്നാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. രാജമൗലി ചിത്രം ‘ധീര’യിലെ ലുക്കും ‘രാമായണ’യിലെ ലുക്കും താരതമ്യം ചെയ്തുകൊണ്ട്, കാജലിന് ഇന്നും ഒരു മാറ്റവും വന്നിട്ടില്ലെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ പുകഴ്ത്തുന്നു. സ്ക്രീൻ സമയം കുറവാണെങ്കിലും താരത്തിന്റെ സാന്നിധ്യവും പ്രഭാവവും അസാധാരണമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

‘രാമായണ’യിലെ പ്രകടനത്തിന് ലഭിക്കുന്ന പ്രശംസകൾക്കൊപ്പം കാജലിന്റെ പ്രണയകഥയും ഇപ്പോൾ ചർച്ചയാകുകയാണ്. വിവാഹത്തിന് വർഷങ്ങൾക്ക് മുൻപ് തന്നെ താനും ഗൗതം കിച്ച്‌ലുവും പ്രണയത്തിലായിരുന്നുവെന്നും, ചില കാരണങ്ങളാൽ വേർപിരിഞ്ഞെങ്കിലും പിന്നീട് വീണ്ടും ഒന്നിക്കുകയായിരുന്നുവെന്നും കാജൽ വെളിപ്പെടുത്തി. ‘ഹ്യൂമൻസ് ഓഫ് ബോംബെ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭർത്താവുമായുള്ള പ്രണയയാത്രയെക്കുറിച്ച് താരം മനസ്സ് തുറന്നത്.

ഏകദേശം പതിമൂന്ന്-പതിനാല് വർഷങ്ങൾക്ക് മുൻപാണ് തങ്ങൾ പ്രണയത്തിലായതെന്ന് കാജൽ പറയുന്നു. എന്നാൽ പല കാര്യങ്ങളിലും പൊരുത്തപ്പെടാൻ കഴിയാതെ വന്നതോടെ ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. അതിനുശേഷം മറ്റു പലരുമായും പ്രണയത്തിലാവുകയും ഡേറ്റിംഗ് നടത്തുകയും ചെയ്തപ്പോഴാണ് തങ്ങളുടെ പഴയ ബന്ധത്തിന്റെ ആഴവും വിലയും തിരിച്ചറിഞ്ഞതെന്ന് താരം വ്യക്തമാക്കി. പിന്നീട് കോവിഡ് ലോക്ക്ഡൗൺ കാലത്താണ് ഇരുവരും വീണ്ടും അടുക്കുന്നത്. അങ്ങനെ പഴയ സൗഹൃദവും പ്രണയവും വീണ്ടും തളിർക്കുകയും ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹത്തിലെത്തുകയുമായിരുന്നു.

ഒരു സുഹൃത്തിന്റെ വിവാഹത്തിൽ വെച്ച് 13 വർഷം മുൻപാണ് തങ്ങൾ കണ്ടുമുട്ടിയതെന്ന് കാജൽ ഓർത്തെടുക്കുന്നു. തുടർന്ന് പ്രണയത്തിലായെങ്കിലും പിന്നീട് വേർപിരിഞ്ഞ് നല്ല സുഹൃത്തുക്കളായി തുടർന്നു. ആ കാലയളവിൽ മറ്റു പലരെയും ഡേറ്റ് ചെയ്ത ശേഷമാണ് തങ്ങൾ തമ്മിലുള്ള ബന്ധം എത്രത്തോളം സവിശേഷമായിരുന്നുവെന്ന് മനസ്സിലായതെന്നും, ഉറ്റ സുഹൃത്തിനെ തന്നെ ജീവിതപങ്കാളിയാക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും കാജൽ കൂട്ടിച്ചേർത്തു.

കോവിഡ് കാലമാണ് തങ്ങളെ വീണ്ടും ഒന്നിപ്പിച്ചതെന്ന് കാജൽ പറയുന്നു. ലോകം ഇനി ഇങ്ങനെയായിരിക്കുമെന്നും അതിനാൽ ഒന്നിച്ചിരിക്കുന്നതാണ് നല്ലതെന്നും അന്ന് തോന്നി. ഇത്തവണ ഒന്നുകിൽ വിവാഹം കഴിക്കാം അല്ലെങ്കിൽ എന്നെന്നേക്കുമായി പിരിയാം എന്ന തന്റെ തീരുമാനത്തോട് ഗൗതമും യോജിച്ചു. പരസ്പരം എല്ലാം അറിയാമായിരുന്ന ഞങ്ങൾക്ക്, ജോലിത്തിരക്കുകളിൽ നിന്ന് മാറി വ്യക്തിജീവിതത്തിൽ ശ്രദ്ധിക്കാൻ ലോക്ക്ഡൗൺ അവസരമൊരുക്കി. അങ്ങനെ ആ കോവിഡ് കാലത്ത് ലളിതമായ ഒരു ചടങ്ങിലൂടെ തങ്ങൾ വിവാഹിതരായെന്നും കാജൽ വ്യക്തമാക്കി.

2020 ഒക്ടോബർ 30-ന് മുംബൈയിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു കാജൽ അഗർവാളിന്റെയും ബിസിനസ്സുകാരനായ ഗൗതം കിച്ച്‌ലുവിന്റെയും വിവാഹം. 2022 ഏപ്രിലിൽ ഇവർക്ക് നീൽ എന്ന മകൻ ജനിച്ചു. മുംബൈ സ്വദേശിയായ കാജൽ ‘ക്യൂൻ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടർന്ന് തെലുങ്ക്, തമിഴ് സിനിമകളിൽ സജീവമായ താരം, തുപ്പാക്കി, ജില്ല, വിവേഗം, മെർസൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.