ക്രിക്കറ്റ് മൈതാനത്ത് ഫോറുകളും സിക്സറുകളും പറത്തി ആരാധകരുടെ മനം കവരുന്ന താരമാണ് സൂര്യകുമാർ യാദവ്. എന്നാൽ ഇത്തവണ ബാറ്റിംഗിലൂടെയല്ല, മറിച്ച് തന്റെ ലാളിത്യം കൊണ്ടാണ് അദ്ദേഹം കൈയടി നേടുന്നത്. കൊൽക്കത്തയിൽ വെച്ച് മുംബൈ ടീമിലെ സഹതാരം സർഫറാസ് ഖാനോടൊപ്പം തറയിലിരുന്ന് ഭക്ഷണം കഴിക്കുന്ന സൂര്യകുമാറിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷമുള്ള ദൃശ്യങ്ങളാണിത്. മുംബൈ ടീം ക്യാപ്റ്റൻ കൂടിയായ സൂര്യകുമാർ യാദവും സർഫറാസ് ഖാനും നിലത്തിരുന്ന് ചൂട് റൊട്ടിയും മട്ടൻ കറിയും കഴിക്കുന്നതാണ് വീഡിയോയിലുള്ളത്.
തങ്ങൾക്കായി സ്വാദിഷ്ടമായ മട്ടൻ കറി വെച്ചുനൽകിയ മാണിക് എന്ന സുഹൃത്തിനെ സൂര്യകുമാർ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. അടുത്തുതന്നെ ഒരാൾ അടുപ്പിൽ ചൂട് റൊട്ടി ചുട്ടെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നത് വീട്ടിലിരുന്ന് കഴിക്കുന്നതുപോലെയുള്ള അനുഭവമാണ് നൽകുന്നതെന്നും സൂര്യകുമാർ പറയുന്നു.
ഭക്ഷണം അതീവ രുചികരമാണെന്നും, രുചി കാരണം തനിക്ക് സംസാരിക്കാൻ പോലും തോന്നുന്നില്ലെന്നും, മുന്നിലിരിക്കുന്ന ഭക്ഷണം മുഴുവൻ കഴിച്ചുതീർക്കുക എന്നതു മാത്രമാണ് ഇപ്പോഴത്തെ ഏക ലക്ഷ്യമെന്നും സർഫറാസ് പറയുന്നത് അവിടെയുള്ളവരിൽ ചിരി പടർത്തുന്നുണ്ട്.
കോടിക്കണക്കിന് രൂപ ആസ്തിയുള്ള പ്രശസ്ത താരങ്ങളായിട്ടും യാതൊരു താരജാഡയുമില്ലാതെ സാധാരണക്കാരെപ്പോലെ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ഇരുവരെയും പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ‘എന്തൊരു ലാളിത്യമുള്ള മനുഷ്യൻ’, ‘ഇതാണ് യഥാർത്ഥ എളിമ’ എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കുറിക്കുന്നത്.
അതേസമയം ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുള്ള, സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ മധ്യപ്രദേശിനെതിരായ മത്സരത്തിൽ കേരളത്തിനായി കളത്തിലിറങ്ങിയ ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണ് നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പായിച്ചെങ്കിലും മൂന്ന് പന്തിൽ നാല് റൺസ് മാത്രമെടുത്ത് പുറത്തായി. പേസർ ആവേശ് ഖാന്റെ പന്തിൽ ബൗൾഡായാണ് സഞ്ജു മടങ്ങിയത്.
ഇന്ത്യന്‍ ടീമിലെ ‘വണ്ടര്‍കിഡ് ’പതിനഞ്ചാം വയസ്സിൽ ബിഹാർ ക്യാപ്റ്റനായി അരങ്ങേറിയ വൈഭവ് സൂര്യവംശിക്കും ആദ്യ മത്സരത്തിൽ തിളങ്ങാനായില്ല. സൗരാഷ്ട്രക്കെതിരായ പോരാട്ടത്തിൽ ബിഹാർ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടപ്പോൾ 12 പന്തിൽ 18 റൺസ് മാത്രമെടുത്ത വൈഭവിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ബിഹാർ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തപ്പോൾ, സൗരാഷ്ട്ര 16.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.




