Featured Oddly News

മകനില്ല, മകളെ ബുദ്ധിമുട്ടിക്കാനില്ല; ജീവിച്ചിരിക്കെ സ്വന്തം മരണാനന്തര ചടങ്ങ് നടത്തി 80-കാരൻ, 900 പേർക്ക് വിഭവസമൃദ്ധമായ സദ്യ

ലഖ്‌നൗ: ജീവിച്ചിരിക്കെ തന്നെ സ്വന്തം മരണാനന്തര ചടങ്ങുകൾ നടത്തി 80-കാരൻ ബാൽജോർ സിങ്. ഉത്തർപ്രദേശിലെ ഭാഗ്പത് ജില്ലയിലുള്ള ജോഹ്രി ഗ്രാമത്തിൽ താമസിക്കുന്ന വയോധികനാണ് മരണശേഷം പതിമൂന്നാം ദിവസം നടത്തുന്ന ‘അടിയന്തിരം’ അഥവാ ‘തെഹ്രിവി’ ചടങ്ങുകളാണ് മുൻകൂട്ടി നടത്തിയത്. തനിക്ക് ആൺമക്കളില്ലാത്തതിനാൽ മരണശേഷം ഈ ചടങ്ങുകളുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഏക മകളുടെ തലയിൽ കെട്ടിവെച്ച് അവരെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കാത്തതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹവനവും വിപുലമായ സദ്യയും ഉൾപ്പെടെയുള്ള ആചാരങ്ങളാണ് നടന്നത്. സാധാരണയായി മരിച്ച വ്യക്തിയുടെ മകനാണ് ഈ കർമ്മങ്ങൾ ചെയ്യേണ്ടത്. ഏകദേശം 900-ത്തോളം ആളുകൾ ചടങ്ങിൽ പങ്കെടുത്തു. ആൺമക്കൾ ഇല്ലാത്തതിനാൽ ഇത്തരമൊരു കാര്യം നേരത്തെ തന്നെ മനസ്സിലുണ്ടായിരുന്നെന്ന് സിങ് പറഞ്ഞു. ചടങ്ങിനിടെ ചെറുമകൻ മുകുളിന്റെ തലയിൽ തലപ്പാവ് അണിയിച്ചുകൊണ്ട്, തന്റെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം അവനായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എട്ട് പാചകക്കാരുടെ നേതൃത്വത്തിലാണ് 900 പേർക്കായി ബ്രഡ് ഫ്രൈയും കറിയും മധുരപലഹാരങ്ങളും അടങ്ങുന്ന സദ്യ തയ്യാറാക്കിയത്.

“എന്റെ കുടുംബവും ഗ്രാമവാസികളും എല്ലാം ഈ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. എനിക്ക് ഒരു മകൾ മാത്രമാണുള്ളത്. അവൾക്ക് രണ്ട് ആൺമക്കളും ഒരു പെൺകുട്ടിയും ഉൾപ്പെടെ മൂന്ന് മക്കളുണ്ട്. എന്റെ സ്വന്തമായുള്ള രണ്ട് ബിഗ ഭൂമി ഞാൻ നേരത്തെ തന്നെ ചെറുമകന്റെ പേരിലേക്ക് മാറ്റി നൽകിക്കഴിഞ്ഞു,” ബാൽജോർ സിങ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.