Crime

കൈയിൽ ഇടിവളയും ചരടും, പുന്നപ്രയിൽ പർദ്ദ ധരിച്ചെത്തിയ സംഘം 13-കാരന്റെ മുഖത്ത് രാസലായനി സ്പ്രേ ചെയ്തു

അമ്പലപ്പുഴ: പർദ്ദ ധരിച്ചെത്തിയ രണ്ടംഗ സംഘം വീട്ടിൽ അതിക്രമിച്ചുകയറി 13 വയസ്സുകാരന്റെ മുഖത്ത് രാസലായനി സ്പ്രേ ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാം വാർഡ് അംഗം ആർ. നാരായണന്റെ വീട്ടിലാണ് ഇന്നലെ ഈ സംഭവം നടന്നത്.

സംഭവസമയത്ത് നാരായണന്റെ പ്രായമായ മാതാപിതാക്കളും മകൻ ദേവനാരായണനും (13) മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നാരായണൻ പുറത്തുപോയതിനാൽ വീടിന്റെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. കോളിങ് ബെൽ ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയ ദേവനാരായണനോട് ശുചിമുറി ഉപയോഗിക്കണമെന്ന് സംഘം ഹിന്ദിയിൽ ആവശ്യപ്പെട്ടു. ഹിന്ദി അറിയാവുന്ന ദേവനാരായണൻ ഇതിന് അനുവാദം നൽകിയില്ല. ഇതോടെ സംഘം കുട്ടിയെ കടന്നുപിടിക്കാനും ആക്രമിക്കാനും ശ്രമിച്ചു.

വീട്ടിൽനിന്ന് പുറത്തുപോയില്ലെങ്കിൽ പോലീസിനെ വിളിക്കുമെന്ന് ദേവനാരായണൻ മുന്നറിയിപ്പ് നൽകിയതോടെ, സംഘത്തിലൊരാൾ വെള്ളനിറത്തിലുള്ള പൊടി കുട്ടിയുടെ മുഖത്തേക്ക് എറിയാൻ ശ്രമിച്ചു.

തുടർന്ന് കുട്ടി ബഹളമുണ്ടാക്കി അയൽവാസികളെ വിളിക്കാൻ ശ്രമിക്കുന്നതിനിടെ, അക്രമികൾ ഏതോ രാസലായനി മുഖത്തേക്ക് സ്പ്രേ ചെയ്ത ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് അയൽവാസികളും പിന്നാലെ നാരായണനും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പർദ്ദ ധരിച്ചെത്തിയവർ സ്ത്രീകളല്ലെന്നും, ഇവരുടെ കൈയിൽ ചരട് കെട്ടിയിരുന്നതായും ഇടിവള ഉണ്ടായിരുന്നതായും ദേവനാരായണൻ വ്യക്തമാക്കി. സംഭവത്തിൽ പുന്നപ്ര പോലീസിൽ പരാതി നൽകിയതായി നാരായണൻ അറിയിച്ചു.