Crime

ദിവസവും കോടികളുടെ ബിസിനസ്, അസൂയ, തകർക്കാൻ ക്വട്ടേഷൻ; അയൽ ജ്വല്ലറി ഉടമ കുടുങ്ങിയതിങ്ങനെ

ചാല സ്വർണ്ണക്കവർച്ച കേസിൽ മാളവിക ജ്വല്ലറി ഉടമ ജയറാമിനെ ഫോർട്ട് പൊലീസ് പിടികൂടി. വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം കവർന്ന കേസിലാണ് തൊട്ടടുത്തുള്ള ജ്വല്ലറി ഉടമയായ ജയറാം കസ്റ്റഡിയിലായത്. ബിസിനസ് രംഗത്തെ വൈരാഗ്യവും വളർച്ചയിലുള്ള അസൂയയുമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് അന്വേഷണ സംഘം അറിയിച്ചു. മുഖ്യസൂത്രധാരനായ സ്വർണ്ണ ഏജന്റ് അമൂലുമായി ജയറാമിന് സാമ്പത്തിക ഇടപാടുകളും ഫോൺ ബന്ധങ്ങളും ഉണ്ടായിരുന്നതിന്റെ കൃത്യമായ തെളിവുകൾ ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ്.

നന്ദകുമാറിന്റെ ബിസിനസ് സാമ്പത്തികമായി തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കവർച്ച ആസൂത്രണം ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. നന്ദകുമാറിന്റെ സ്ഥാപനത്തിൽ ദിവസവും കോടികളുടെ വ്യാപാരം നടന്നിരുന്നു. ഇതിന് തടയിടാനായി ക്രിമിനൽ സംഘങ്ങളുടെ സഹായത്തോടെ സിനിമയെ വെല്ലുന്ന രീതിയിലുള്ള ആസൂത്രണമാണ് പ്രതികൾ നടത്തിയത്.

കവർച്ചയ്ക്ക് മുൻപ് ട്രയൽ നടത്തി സമയം ഉൾപ്പെടെ കൃത്യമായി ഉറപ്പിച്ച ശേഷമായിരുന്നു പ്രതികൾ കൃത്യം നടപ്പിലാക്കിയത്. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആറായി. നേരത്തെ മുഖ്യസൂത്രധാരൻ അമൂൽ, സുഹൃത്ത് ദിലീപ് എന്നിവരുൾപ്പെടെയുള്ളവരെ തിരുവനന്തപുരത്തു നിന്നും വയനാട്ടിൽ നിന്നുമായി പൊലീസ് പിടികൂടിയിരുന്നു.

പ്രധാന പ്രതിയായ അമൂലിന്റെ പഴയശാലയിലുള്ള ആറ്റുകാൽ ഗോൾഡ് ആൻഡ് സിൽവർ ടെസ്റ്റിംഗ് സ്ഥാപനത്തിൽ എത്തിച്ച് പൊലീസ് ഇപ്പോൾ തെളിവെടുപ്പ് നടത്തുകയാണ്. പഴയ സ്വർണ്ണം പരിശോധിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന ഈ സ്ഥാപനം കേന്ദ്രീകരിച്ചാണ് കവർച്ചയുടെ ഗൂഢാലോചന നടന്നത്. കവർച്ച നടന്ന ദിവസങ്ങളിലും അതിനുശേഷവും ജയറാമും അമൂലും തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.