Lifestyle

നേഹാ ബോറ ട്രാൻസ്ജെൻഡറോ ? എന്താണ് നോൺ-ബൈനറി? സോഷ്യൽ മീഡിയ ചർച്ചകളും യാഥാർത്ഥ്യവും

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിലൂടെയാണ് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) ദേശീയ പ്രസിഡന്റ് നേഹ ബോറ രാജ്യശ്രദ്ധ ആകർഷിച്ചത്. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ നേഹ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. തന്റെ ലിംഗസ്വത്വത്തെക്കുറിച്ച് തുറന്നുപറഞ്ഞതാണ് നേഹയെ വീണ്ടും ചർച്ചാവിഷയമാക്കിയത്.

സ്ത്രീയെന്നോ പുരുഷനെന്നോ സ്വയം വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് നേഹ അഭിമുഖത്തിൽ വ്യക്തമാക്കിയത്. “ഞാൻ എന്നെ ഒരു സ്ത്രീയായി കാണുന്നില്ല, മറിച്ച് ഒരു നോൺ-ബൈനറി വ്യക്തിയായാണ് തിരിച്ചറിയുന്നത്” എന്നായിരുന്നു നേഹയുടെ വാക്കുകൾ. ഈ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ, നേഹ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട ആളാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണങ്ങൾ നടന്നിരുന്നു.

ആൺ, പെൺ എന്നീ രണ്ട് ലിംഗവിഭാഗങ്ങളിൽ മാത്രമായി തങ്ങളുടെ വ്യക്തിത്വം ഒതുങ്ങുന്നില്ലെന്ന് കരുതുന്നവരാണ് നോൺ-ബൈനറി വ്യക്തികൾ. ‘അവൻ’, ‘അവൾ’ എന്നിവയ്ക്ക് പകരം ‘അവർ’ (They/Them) പോലുള്ള സർവനാമങ്ങളാണ് തങ്ങളെ വിശേഷിപ്പിക്കാൻ ഇവർ പൊതുവായി തിരഞ്ഞെടുക്കുന്നത്. ചില അന്താരാഷ്ട്ര മാധ്യമങ്ങൾ നേഹ ബോറയെക്കുറിച്ചുള്ള വാർത്തകളിൽ ‘അവർ’ എന്നാണ് ഇതിനകം ഉപയോഗിച്ചിട്ടുള്ളത്.

ജനനസമയത്ത് ശാരീരിക സവിശേഷതകൾ നോക്കി നിശ്ചയിക്കുന്നതാണ് ‘ജൈവിക ലിംഗം’ (Biological Sex). എന്നാൽ, ഒരു വ്യക്തിക്ക് ഉള്ളിൽ തോന്നുന്ന സ്വത്വബോധത്തെയാണ് ‘ലിംഗസ്വത്വം’ (Gender Identity) എന്ന് പറയുന്നത്. നോൺ-ബൈനറി വ്യക്തികളുടെ കാര്യത്തിൽ ഇത് പരമ്പരാഗത സങ്കൽപ്പങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും. ആൺ-പെൺ വേർതിരിവുകളില്ലാത്ത വസ്ത്രധാരണ രീതികളാണ് ഇവർ പലപ്പോഴും പിന്തുടരുന്നത്.

നിയമങ്ങൾ, പൊതുസ്ഥലങ്ങളിലെ സൗകര്യങ്ങൾ (ഉദാഹരണത്തിന്: എല്ലാവർക്കും ഉപയോഗിക്കാവുന്ന ശുചിമുറികൾ), ഔദ്യോഗിക രേഖകൾ എന്നിവയിൽ എല്ലാ വിഭാഗം മനുഷ്യരെയും ഉൾക്കൊള്ളണമെന്ന കാഴ്ചപ്പാടാണ് നോൺ-ബൈനറി സമൂഹം മുന്നോട്ടുവെക്കുന്നത്. ഓരോ വ്യക്തിയുടെയും സ്വയംനിർണയാവകാശത്തെയും (Self-determination) വ്യക്തിത്വത്തെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് ഈ ആശയത്തിന്റെ അടിസ്ഥാനം.

എന്നാൽ, ട്രാൻസ്‌ജെൻഡർ എന്നത് ഇതിൽ നിന്നും വ്യത്യസ്തമായൊരു അവസ്ഥയാണ്. ജനനസമയത്ത് ഡോക്ടർമാർ നിശ്ചയിച്ച ലിംഗവും, സ്വന്തം മനസ്സുകൊണ്ട് തിരിച്ചറിയുന്ന ലിംഗസ്വത്വവും തമ്മിൽ പൊരുത്തപ്പെടാത്തവരെയാണ് ട്രാൻസ്‌ജെൻഡർ എന്ന് വിളിക്കുന്നത്. ജനനസമയത്ത് പുരുഷനായി അടയാളപ്പെടുത്തുകയും എന്നാൽ സ്ത്രീയാണ് തന്റെ വ്യക്തിത്വമെന്ന് തിരിച്ചറിയുകയും ചെയ്യുന്നവരാണ് ട്രാൻസ് സ്ത്രീകൾ. അതുപോലെ, ജനനസമയത്ത് സ്ത്രീയായി നിർണയിക്കപ്പെടുകയും എന്നാൽ പുരുഷനാണ് തന്റെ ലിംഗസ്വത്വമെന്ന് തിരിച്ചറിയുകയും ചെയ്യുന്നവരാണ് ട്രാൻസ് പുരുഷന്മാർ.