Crime

പ്രണയം, വീട്ടുകാർ മറ്റൊരു വിവാഹം നടത്തി; യുവതി കാമുകനൊപ്പം മരിച്ച നിലയിൽ

ലക്നൗ ∙ ആറുമാസം മുൻപ് വിവാഹിതയായ യുവതിയെയും കാമുകനെയും മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ സീതാപുരിലാണ് 20 വയസ്സുകാരിയായ യുവതിയെ അയൽവാസിയായ 22-കാരന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ശനിയാഴ്ച പുലർച്ചെ ആറുമണിയോടെയാണ് ഇവരുടെ മൃതദേഹങ്ങൾ വീടിന്റെ മേൽക്കൂരയിൽ തൂങ്ങിയ നിലയിൽ നാട്ടുകാർ കണ്ടത്.

എട്ടുമാസം മുൻപാണ് ഇവരുടെ പ്രണയബന്ധത്തെക്കുറിച്ച് വീട്ടുകാർ അറിഞ്ഞത്. ഇതേത്തുടർന്ന് യുവതിയുടെ പിതാവ് മറ്റൊരാളുമായി മകളുടെ വിവാഹം നിശ്ചയിക്കുകയും ആറുമാസം മുൻപ് വിവാഹം നടത്തുകയും ചെയ്തു. ഒക്ടോബർ 29-ന് സ്വന്തം വീട്ടിലെത്തിയ യുവതി വെള്ളിയാഴ്ച രാത്രിയോടെ കാമുകന്റെ താമസസ്ഥലത്തേക്ക് പോകുകയായിരുന്നു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഉത്തർപ്രദേശ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)