Sports

‘നെപ്പോ കിഡ്’ വിമർശനങ്ങൾക്ക് ബാറ്റുകൊണ്ട് മറുപടി; ഏഷ്യാകപ്പിൽ താരമായി വീരുവിന്റെ മകൻ ആര്യവീർ, അഞ്ച് കളിയിൽ 361 റൺസ്

ഒമാൻ: ആവേശകരമായ വിജയത്തോടെയാണ് അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്മാരായത്. പാക്കിസ്ഥാൻ മുന്നോട്ടുവെച്ച 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 26 പന്തിൽ 46 റൺസുമായി പുറത്താകാതെ നിന്ന വാലറ്റക്കാരൻ മോഹിത് ഉൾവയാണ് ഫൈനലിലെ താരം. അതേസമയം, ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ‘പ്ലേയർ ഓഫ് ദ് സീരീസ്’ പുരസ്കാരം സ്വന്തമാക്കിയത് മുൻ ഇന്ത്യൻ ഇതിഹാസ താരം വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗാണ്. ഫൈനലിൽ ഓപ്പണറായി ഇറങ്ങിയ ആര്യവീർ അർധ സെഞ്ചറി നേടി തിളങ്ങിയിരുന്നു.

61 പന്തുകളിൽ നിന്ന് ഒൻപത് ഫോറുകളടക്കം 58 റൺസാണ് ആര്യവീർ നേടിയത്. ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിക്കൊപ്പം ചേർന്ന് ഒന്നാം വിക്കറ്റിൽ 95 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ആര്യവീറിനു കഴിഞ്ഞു. ഇന്ത്യൻ ഇന്നിങ്സിലെ 18-ാം ഓവറിൽ ഉസ്മാൻ ഖാന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. അണ്ടർ 19 ഏഷ്യാകപ്പിലെ അഞ്ച് മത്സരങ്ങളിൽ നിന്നായി 361 റൺസാണ് ആര്യവീർ അടിച്ചെടുത്തത്. ഇതിൽ മൂന്ന് അർധ സെഞ്ചറികളും ഒരു തകർപ്പൻ സെഞ്ചറിയും ഉൾപ്പെടുന്നു.

നേപ്പാളിനെതിരായ ആദ്യ കളിയിൽ തന്നെ പുറത്താകാതെ അർധ സെഞ്ചറി നേടി, തനിക്കെതിരെയുള്ള ‘നെപ്പോ കിഡ്’ വിമർശനങ്ങൾക്ക് ആര്യവീർ ബാറ്റുകൊണ്ട് മറുപടി നൽകിയിരുന്നു. 52 പന്തിൽ 70 റൺസ് നേടിയ താരത്തിന്റെ മികവിൽ ഇന്ത്യ പത്ത് വിക്കറ്റിന്റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെതിരെ 22 റൺസിന് പുറത്തായെങ്കിലും, അടുത്ത കളിയിൽ സെഞ്ചറിയുമായി ശക്തമായി തിരിച്ചുവന്നു. യുഎഇയ്ക്കെതിരെ 168 പന്തുകളിൽ നിന്ന് ഏഴ് സിക്സും 17 ഫോറുമടക്കം 160 റൺസാണ് ആര്യവീർ വാരിക്കൂട്ടിയത്.

അഫ്ഗാനിസ്ഥാനെതിരായ നിർണായക സെമി ഫൈനലിലും ആര്യവീർ അർധ സെഞ്ചറിയുമായി തിളങ്ങി. 57 പന്തിൽ നാല് വീതം സിക്സും ഫോറുമടക്കം 51 റൺസാണ് താരം സ്വന്തമാക്കിയത്. കലാശപ്പോരിലും ഫിഫ്റ്റി നേടിയതോടെ ടൂർണമെന്റിലെ താരത്തിനുള്ള പുരസ്കാരം ആര്യവീറിനെ തേടിയെത്തി. ഇത്തവണത്തെ ഏഷ്യാകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരവും ആര്യവീറാണ്; ആകെ 16 സിക്സുകളാണ് താരം ബൗണ്ടറി കടത്തിയത്.