ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ ഉരസിയ ശേഷം വീണ്ടും പറന്നുയർന്നത് വ്യോമയാന പ്രേമികളെ ഞെട്ടിച്ചു. തത്സമയ ക്യാമറയിൽ പതിഞ്ഞ ഈ നാടകീയ ദൃശ്യങ്ങളിൽ, പൈലറ്റുമാർ ലാൻഡിംഗ് ഉപേക്ഷിച്ച് ‘ഗോ-എറൗണ്ട്’ (go-around) എന്നറിയപ്പെടുന്ന അടിയന്തര നീക്കത്തിലൂടെ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തുന്നത് കാണാം.
വ്യാഴാഴ്ച ആംസ്റ്റർഡാമിൽ നിന്ന് ലണ്ടനിലേക്ക് വരികയായിരുന്ന ബ്രിട്ടീഷ് എയർവേയ്സിന്റെ ‘BA431’ എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 10.30-ഓടെ എയർബസ് A321neo വിമാനം ഹീത്രൂവിലെ ടെർമിനൽ 5-ലേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവമെന്ന് ‘ഡെയ്ലി മെയിൽ’ റിപ്പോർട്ട് ചെയ്യുന്നു.
റൺവേയിലേക്ക് താഴ്ന്നിറങ്ങുമ്പോൾ വിമാനം ഇരുവശങ്ങളിലേക്കും ആടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വിമാനത്തിന്റെ ഇടതുവശത്തെ ചക്രമാണ് ആദ്യം നിലം തൊട്ടത്, തൊട്ടുപിന്നാലെ വലതുവശത്തെ ചക്രവും സ്പർശിച്ചു. നിമിഷങ്ങൾക്കകം വിമാനത്തിന്റെ പിൻഭാഗം രണ്ട് തവണ റൺവേയിൽ ഉരസുന്നതായി കാണപ്പെട്ടു; വ്യോമയാന ഭാഷയിൽ ‘ഡബിൾ ടെയിൽ സ്ട്രൈക്ക്’ (double tail strike) എന്നാണ് ഇത് അറിയപ്പെടുന്നത്. തുടർന്ന് പൈലറ്റുമാർ ലാൻഡിംഗ് ഉപേക്ഷിച്ച് വിമാനം വീണ്ടും മുകളിലേക്ക് ഉയർത്തി. ഉയരം പ്രാപിച്ച് റൺവേയിൽ നിന്ന് അകന്നുപോകുമ്പോൾ വിമാനം ഇടതുവശത്തേക്ക് അല്പം ചെരിഞ്ഞിരുന്നതായും ദൃശ്യങ്ങളിൽ കാണാം. പിന്നീട് മറ്റൊരു ശ്രമത്തിലൂടെ രാവിലെ 10.49-ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി.
‘ബിഗ്ജെറ്റ് ടിവി’ (BigJet TV) എന്ന വ്യോമയാന ലൈവ് സ്ട്രീമിംഗ് ചാനലാണ് ഈ ദൃശ്യങ്ങൾ പകർത്തി എക്സിൽ (മുൻപ് ട്വിറ്റർ) പങ്കുവെച്ചത്. “ഞങ്ങളുടെ 24/7 ക്യാമറയിൽ തത്സമയം പതിഞ്ഞത്: ഇന്ന് രാവിലെ ഹീത്രൂ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ BA431 വിമാനത്തിന് ഡബിൾ ടെയിൽ സ്ട്രൈക്ക് സംഭവിച്ചു. എന്താണ് ഇവിടെ സംഭവിച്ചത്?” എന്ന കുറിപ്പോടെയാണ് ചാനൽ വീഡിയോ പങ്കുവെച്ചത്. 5 ദശലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാവുകയും കാഴ്ചക്കാരിൽ ഭീതി പരത്തുകയും ചെയ്തു.
ഡെയ്ലി മെയിലിന്റെ റിപ്പോർട്ട് പ്രകാരം, മണിക്കൂറിൽ ഏകദേശം 16 കിലോമീറ്റർ വേഗതയിൽ വീശിയ വടക്കുപടിഞ്ഞാറൻ കാറ്റിനിടയിലായിരുന്നു വിമാനത്തിന്റെ ലാൻഡിംഗ് ശ്രമം. സംഭവത്തിൽ ബ്രിട്ടീഷ് എയർവേയ്സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




