Featured Sports

ആദ്യം രോഹിത്, പിന്നാലെ ഇഷാന്‍, ക്യാച്ചുകൾ പാഴാക്കാന്‍ ‘മത്സരിച്ച്’ ഇന്ത്യൻ താരങ്ങൾ; കലിപ്പില്‍ ആക്വിബ്- വിഡിയോ

മൗണ്ട് മംഗനൂയി: ന്യൂസീലൻഡിനെതിരായ നാലാം ഏകദിനത്തിന്റെ തുടക്കത്തിൽ തന്നെ ക്യാച്ചുകൾ നഷ്ടപ്പെടുത്തി ഇന്ത്യൻ താരങ്ങൾ. കിവീസ് ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലാണ് സീനിയർ താരം രോഹിത് ശർമയും വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും ഓരോ അവസരങ്ങൾ വീതം പാഴാക്കിയത്. പേസർ ആക്വിബ് നബി എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ സ്ലിപ്പിൽ നിന്ന രോഹിത് ശർമയ്ക്ക് വിൽ യങ്ങിനെ പുറത്താക്കാനുള്ള അവസരം നഷ്ടമായി. പന്ത് കൈപ്പിടിയിലൊതുങ്ങിയെന്ന് തോന്നിച്ചെങ്കിലും നിലത്തുവീഴുകയായിരുന്നു. തൊട്ടടുത്ത പന്തിൽ വിൽ യങ്ങിനെ തന്നെ പുറത്താക്കാനുള്ള മറ്റൊരു സുവർണ്ണാവസരം വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും നഷ്ടപ്പെടുത്തി.

തുടർച്ചയായ രണ്ട് പന്തുകളിൽ ക്യാച്ചുകൾ നഷ്ടമായതോടെ ബോളർ ആക്വിബ് നബി ഗ്രൗണ്ടിൽ തന്റെ നിരാശ പ്രകടിപ്പിച്ചു. ഈ പിഴവുകൾക്ക് വലിയ വിലയാണ് ഇന്ത്യയ്ക്ക് നൽകേണ്ടി വന്നത്. ജീവൻ തിരിച്ചുകിട്ടിയ ഓപ്പണർ വിൽ യങ് ന്യൂസീലൻഡിനായി തകർപ്പൻ സെഞ്ചറി നേടി. ഒന്നാം വിക്കറ്റിൽ ടിം സെയ്ഫർട്ടുമായി ചേർന്ന് 85 റൺസിന്റെ മികച്ച കൂട്ടുകെട്ടും യങ് പടുത്തുയർത്തി. ഒടുവിൽ 12-ാം ഓവറിലെ അവസാന പന്തിൽ ഗുർനൂർ ബ്രാറിന്റെ പന്തിൽ ടിം സെയ്ഫർട്ടിനെ ഇഷാൻ കിഷൻ ക്യാച്ചെടുത്ത് പുറത്താക്കിയതോടെയാണ് ഈ കൂട്ടുകെട്ടിന് അവസാനമായത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ ന്യൂസീലൻഡിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഋതുരാജ് ഗെയ്ക്‌വാദ്, ഇഷാൻ കിഷൻ, കുൽദീപ് യാദവ് എന്നിവർ ഇന്ത്യയുടെ അന്തിമ ഇലവനിൽ ഇടംപിടിച്ചു. സ്വന്തം നാട്ടിൽ ന്യൂസീലൻഡ് തുടരുന്ന അപരാജിത ഏകദിന റെക്കോർഡ് തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഈ മത്സരം ജയിച്ച് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാനായാൽ, 2019-ന് ശേഷം സ്വന്തം മണ്ണിൽ ഒരു ഏകദിന പരമ്പര പോലും തോറ്റിട്ടില്ലെന്ന കിവീസിന്റെ റെക്കോർഡ് ഇന്ത്യയ്ക്ക് തകർക്കാനാകും.