Crime

പക… വീട്ടാനുള്ളതാണ്… 7വർഷം കാത്തിരുന്നു, പിതാവിനെ കൊന്നവനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി, യുവാവ് പിടിയില്‍

പിതാവിന്റെ കൊലയാളിയെ ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ യുവാവ് രാജസ്ഥാനിലെ ജയ്പൂരിൽ പിടിയിലായി. പിതാവിന്റെ മരണത്തിന് പകരം വീട്ടാനാണ് യുവാവ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിജയ് ബാജിയ 2019-ൽ ഒരു മദ്യശാലയിൽ വെച്ച് കൈലാഷ് എന്നയാളെ കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന വിജയ് അടുത്തിടെയാണ് മോചിതനായത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയത് മുതൽ കൈലാഷിന്റെ മകൻ ഹനീഷ് ഇയാളെ വകവരുത്താൻ പലതവണ ശ്രമം നടത്തിയിരുന്നു.

ബുധനാഴ്ച ഹനീഷും സുഹൃത്തുക്കളായ യുവരാജ് ചൗധരി, ദിനേശ്, കമലേഷ് എന്നിവരും ചേർന്ന് വിജയ്‌യെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തി. ഉച്ചയ്ക്ക് മൂന്ന് മണി മുതൽ ഒരു ‘ക്യാമ്പർ’ വാനിൽ സംഘം വിജയ്‌യെ പിന്തുടരുന്നുണ്ടായിരുന്നു. രാത്രി 7.15-ഓടെ കൽവാറിലെ വീട്ടിലേക്ക് പോവുകയായിരുന്ന വിജയ്‌യുടെ കാറിലേക്ക് അക്രമികൾ വാൻ ഇടിച്ചുകയറ്റി. ഇതോടെ കാറിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടാൻ വിജയ് ശ്രമിച്ചു.

എന്നാൽ കോടാലിയുമായി പിന്നാലെ ഓടിയ ഹനീഷ് വിജയ്‌യെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന്റെ ശക്തിയിൽ കോടാലി വിജയ്‌യുടെ തലയോട്ടിയിൽ ആഴ്ന്നിറങ്ങി. കൊലപാതകത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. രാത്രി എട്ട് മണിയോടെയാണ് വിവരം ലഭിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രശാന്ത് കിരൺ പറഞ്ഞു.

സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികൾ പകർത്തിയ മൊബൈൽ വീഡിയോകളും വിശദമായി പരിശോധിച്ചു. ഇതിലൂടെ പ്രതികൾ സഞ്ചരിച്ചിരുന്ന ക്യാമ്പർ വാനിന്റെ രജിസ്ട്രേഷൻ നമ്പർ തിരിച്ചറിയാൻ സാധിച്ചു. തുടർന്ന് പുലർച്ചെ നാല് മണിയോടെ പ്രതികളുടെ ഒളിത്താവളം കണ്ടെത്തിയ പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തു. കൃത്യത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.