അംരാത് (ഒമാന്‍): അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. ശനിയാഴ്ച രാവിലെ 10.30-നാണ് കലാശപ്പോരാട്ടം നടക്കുന്നത്. സെമി ഫൈനലില്‍ ഇന്ത്യ എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാനെയും പാകിസ്താന്‍ ഒന്‍പത് വിക്കറ്റിന് ബംഗ്ലാദേശിനെയുമാണ് പരാജയപ്പെടുത്തിയത്.
ഇന്ത്യക്കെതിരെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 79 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ക്യാപ്റ്റനും ഓപ്പണറുമായ ലക്ഷ്യ റായ്ചന്ദാനി (90 പന്തില്‍ 13 ഫോറും ഒരു സിക്‌സുമടക്കം 93), ആര്യവീര്‍ സേവാഗ് (57 പന്തില്‍ നാല് ഫോറും നാല് സിക്‌സുമടക്കം 51), വി.കെ. വിനീത് (62 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമടക്കം 57) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്.
യഷ്ബര്‍ധന്‍ ചൗഹാന്‍ 14 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റില്‍ ലക്ഷ്യയും ആര്യവീറും ചേര്‍ന്ന് 42 പന്തില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 39 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച ലക്ഷ്യ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചപ്പോള്‍, പതിവ് ശൈലിയില്‍ നിന്ന് മാറി കരുതലോടെ കളിച്ച ആര്യവീര്‍ 56 പന്തിലാണ് 50 കടന്നത്. ഈ കൂട്ടുകെട്ട് 87 പന്തില്‍ 100 റണ്‍സ് തികച്ചതോടെ തന്നെ ഇന്ത്യയുടെ വിജയം ഉറപ്പായിരുന്നു. ഒടുവില്‍ ആര്യവീറിനെ പുറത്താക്കി നൂര്‍ അലിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
സെഞ്ചുറിക്ക് ഏഴ് റണ്‍സ് അകലെ വെച്ച് ലക്ഷ്യയും പുറത്തായി. സൊഹൈല്‍ ഖാന്റെ പന്തില്‍ മുഹമ്മദ് അലിക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ ലക്ഷ്യയും വിനീതും ചേര്‍ന്ന് 54 പന്തില്‍ 50 റണ്‍സ് നേടി. 61 പന്തിലാണ് വിനീത് തന്റെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
നേരത്തെ ടോസ് നേടിയ അഫ്ഗാന്‍ നായകന്‍ സൊഹൈല്‍ ഖാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ നമന്‍ സലാര്‍സായ് (51), ഷാ ഫൈസല്‍ റഹിമി (51) എന്നിവര്‍ക്കൊപ്പം 44 പന്തില്‍ ഒരു ഫോറും ഒരു സിക്‌സുമടക്കം 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ സൊഹൈല്‍ ഖാന്‍, 44 പന്തില്‍ നാല് ഫോറും ഒരു സിക്‌സുമടക്കം 31 റണ്‍സെടുത്ത സുഭാന്‍ സാഖൈല്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് അഫ്ഗാന്‍ സ്‌കോര്‍ 200 കടത്തിയത്.
ഇന്ത്യക്കായി ഇഷാന്‍ സൂദ് മൂന്നും ആര്യന്‍ സാസാനി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. കാവ്യ പരേഷ് പട്ടേല്‍, യഷ്ബര്‍ധന്‍ ചൗഹാന്‍, അര്‍ജുന്‍ രാജ്പുത് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. രണ്ടാം സെമിയില്‍ പാകിസ്താനെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 138 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 22-ാം ഓവറില്‍ തന്നെ പാകിസ്താന്‍ ലക്ഷ്യം കണ്ടു. ഓപ്പണര്‍ ഉസ്മാന്‍ ഖാന്‍ (54 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സുമടക്കം 64), അബ്ദുള്‍ ഖാദിര്‍ (എട്ട്) എന്നിവര്‍ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു. ഹയാം ഖാന്‍ (72 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സുമടക്കം 69) ആണ് പുറത്തായ ഏക പാക് താരം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നായകന്‍ ഫരീദ് ഹസന്റെ തീരുമാനം പിഴച്ചു. ഓപ്പണര്‍ അബ്ദുള്ള അല്‍ മുഹി (45 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമടക്കം 50) ഒഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല. 30 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ റിസ്വാനുള്ളയുടെ ബൗളിങ്ങാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മുഹമ്മദ് സയാം രണ്ട് വിക്കറ്റും അലി റാസ, ഹസ്‌നാന്‍ അബാസ് ദാര്‍, അഹമ്മദ് ഹുസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.




