തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ 32–ാം ജന്മദിനത്തിൽ വൈകാരികമായ ആശംസകളുമായി ഭാര്യ ചാരുലത രമേഷ് . ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങളും വിഡിയോകളും ഉൾപ്പെടുത്തിയ ഇൻസ്റ്റഗ്രാം റീലിനൊപ്പമാണ് ചാരു ആശംസകൾ പങ്കുവച്ചത്. ‘‘വർഷത്തിലെ ആ പ്രത്യേക ദിവസം വീണ്ടും എത്തിയിരിക്കുന്നു. എന്റെ എല്ലാമായ പ്രിയപ്പെട്ടവന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’’ എന്നായിരുന്നു ചാരു കുറിച്ചത്.
ജന്മദിനവുമായി ബന്ധപ്പെട്ട് നിരവധി ഇൻസ്റ്റഗ്രാം സ്റ്റോറികളും ചാരുലത പങ്കുവെച്ചു. ‘ഹലോ 11/11’ എന്ന കുറിപ്പോടെ തുടങ്ങിയ സ്റ്റോറികളിൽ സഞ്ജുവിന്റെ ചിത്രങ്ങൾക്കൊപ്പം രസകരമായ പല വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഫോട്ടോ എടുക്കാൻ ഇഷ്ടപ്പെടാത്ത സഞ്ജുവിന്റെ ശീലങ്ങളെക്കുറിച്ചും പ്രിയപ്പെട്ട ഗാനങ്ങളെക്കുറിച്ചും ചാരു സൂചിപ്പിച്ചു. ഒടുവിൽ ‘താളവട്ടം’ സിനിമയിലെ ‘‘എനിക്കറിയാൻ മേലാത്തോണ്ട് ചോദിക്കുവാ, താനാരുവാ’’ എന്ന പ്രശസ്തമായ ഡയലോഗ് സഞ്ജുവിനോട് ചോദിക്കുന്ന ഒരു വിഡിയോയും ചാരു പങ്കുവെച്ചിരുന്നു.
മൈതാനത്തിന് പുറത്തുള്ള ഇരുവരുടെയും മനോഹരമായ സ്വകാര്യ നിമിഷങ്ങളാണ് പോസ്റ്റുകളിലൂടെ ആരാധകർ കണ്ടത്. വലിയ കുറിപ്പുകൾ എഴുതുന്നതിന് പകരം വ്യക്തിപരമായ ഓർമകൾ പങ്കുവെച്ചാണ് ചാരു ആശംസകൾ നേർന്നത്. കഴിഞ്ഞ മാസം ചാരുലതയുടെ ജന്മദിനത്തിൽ ‘ഹാപ്പി ബർത്ത്ഡേ മൈ തങ്കമേ’ എന്ന് സഞ്ജു ആശംസിച്ചിരുന്നു.
ഭാര്യയുടെ ആശംസയ്ക്ക് പിന്നാലെ സഞ്ജുവും ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചു. ‘‘സ്വയം ആഘോഷിക്കേണ്ടത് പ്രധാനമാണെന്ന് ഒരാൾ (ചാരുലത) എന്നെ പഠിപ്പിച്ചു. അതുകൊണ്ട് ഈ 11/11 ദിനത്തിൽ എനിക്ക് പ്രിയപ്പെട്ട ഒരു ചിത്രവും ഗാനവും പങ്കുവെച്ച് ഞാൻ സ്വയം ആഘോഷിക്കുന്നു. സ്നേഹത്തോടെ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി’’ എന്നായിരുന്നു സഞ്ജു കുറിച്ചത്. ‘ആവേശം’ സിനിമയിലെ രംഗണ്ണന്റെ ലുക്കിനെ ഓർമിപ്പിക്കുന്ന ചിത്രവും ‘അർമാദം’ എന്ന ഗാനവുമാണ് സഞ്ജു പോസ്റ്റ് ചെയ്തത്.
1994 നവംബർ 11നാണ് സഞ്ജു സാംസൺ ജനിച്ചത്. ഇന്ത്യൻ ക്രിക്കറ്റിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ വർഷത്തിലാണ് താരത്തിന്റെ ഇത്തവണത്തെ ജന്മദിനം വന്നത്. ദേശീയ ടീമിനായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത സഞ്ജു, 2026 ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ നിർണായക പങ്കുവഹിക്കുകയും ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.




