Oddly News

ഒമ്പതാം ക്ലാസ് പരീക്ഷയിൽ മികച്ച മാർക്ക്; മകന് സമ്മാനമായി 1.62 കോടിയുടെ ബി.എം.ഡബ്ല്യു കാർ നൽകി പിതാവ്!

പശ്ചിമ ബംഗാളിലെ പൂർവ്വ ബർദ്ധമാൻ ജില്ലയിൽ നിന്നുള്ള ഒരു വ്യാപാരി തന്റെ പതിനഞ്ചുകാരനായ മകന് ബി.എം.ഡബ്ല്യു എം4 കോംപറ്റീഷൻ (BMW M4 Competition) കാർ സമ്മാനമായി നൽകി. ഒൻപതാം ക്ലാസ് അർദ്ധവാർഷിക പരീക്ഷയിൽ മികച്ച വിജയം നേടിയതിനാണ് മകന് ഈ വിലകൂടിയ സമ്മാനം ലഭിച്ചത്. മുംബൈയിലെ ഒരു ഷോറൂമിൽ നിന്ന് വാങ്ങിയ ഈ കാർ ഇപ്പോൾ പരാജജ് ഗ്രാമത്തിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.

മുഹമ്മദ് തൽഹ എന്ന വിദ്യാർത്ഥിയുടെ കാലങ്ങളായുള്ള ആഗ്രഹമായിരുന്നു ഈ കാർ. പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയാൽ കാർ വാങ്ങിനൽകാമെന്ന് പിതാവ് ഷംസുദ്ദീൻ മിദ്യ വാഗ്ദാനം ചെയ്തിരുന്നു. പരീക്ഷാഫലം വന്നതോടെ അദ്ദേഹം മുംബൈയിലെ അന്ധേരിയിലുള്ള ഷോറൂമിൽ നിന്നാണ് കാർ വാങ്ങിയത്.

പ്രത്യേക കണ്ടെയ്‌നറിലാണ് കാർ മുംബൈയിൽ നിന്ന് പരാജജ് ഗ്രാമത്തിലേക്ക് എത്തിച്ചത്. നവംബർ 6 വെള്ളിയാഴ്ച കാർ ഗ്രാമത്തിലെത്തിയതോടെ നിരവധി ആളുകളാണ് ഇത് കാണാനായി തടിച്ചുകൂടിയത്. മകന്റെ കഠിനാധ്വാനത്തെ അഭിനന്ദിച്ച പിതാവിനെ ചിലർ സോഷ്യൽ മീഡിയയിലൂടെ പ്രശംസിച്ചപ്പോൾ, ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയും വിലകൂടിയ കാർ സമ്മാനമായി നൽകുന്നത് ശരിയാണോ എന്ന് മറ്റ് ചിലർ സംശയം പ്രകടിപ്പിച്ചു.

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ശക്തമായ സ്പോർട്സ് കൂപ്പെ കാറുകളിൽ ഒന്നാണ് എം4 കോംപറ്റീഷൻ. 3.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് എഞ്ചിനുള്ള ഈ കാറിന് 3.5 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. വേഗത മണിക്കൂറിൽ 250 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. മനോഹരമായ ഡിസൈനും കാർബൺ ഫൈബർ ഘടകങ്ങളും എം കാർബൺ ബക്കറ്റ് സീറ്റുകളുമാണ് ഇതിന്റെ പ്രധാന പ്രത്യേകതകൾ.

റേജ് റോവർ ഓട്ടോബയോഗ്രഫി, വോൾവോ എക്സ്.സി.90, മെഴ്‌സിഡസ് ബെൻസ് സി-ക്ലാസ്, മഹീന്ദ്ര ഥാർ റോക്സ്, ഹ്യുണ്ടായ് അൽകാസർ എന്നിവയുൾപ്പെടെയുള്ള ഷംസുദ്ദീൻ മിദ്യയുടെ കാർ ശേഖരത്തിലേക്കാണ് പുതിയ ബി.എം.ഡബ്ല്യു കാറും എത്തിയത്.