ഡേറ്റിംഗ് ആപ്പുകളിൽ നിന്നുള്ള മടുപ്പ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളെ ആകർഷിക്കാൻ ഒരു ചൈനീസ് മാച്ച് മേക്കിംഗ് സ്റ്റാർട്ടപ്പ് വേറിട്ടൊരു ബിസിനസ് മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ്. ‘ലിയാങ്പേയ് AI’ (Liangpei AI) എന്ന ഈ ആപ്പ്, 28,155 രൂപ (2,000 യുവാൻ) വാർഷിക അംഗത്വ ഫീസ് ഈടാക്കുന്നുണ്ടെങ്കിലും, മൂന്ന് വർഷത്തിനുള്ളിൽ ഉപയോക്താവിന് വിവാഹം നടന്നിട്ടില്ലെങ്കിൽ മുഴുവൻ പണവും തിരികെ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഒരേസമയം പലരുമായി സംസാരിക്കുന്നതിന് പകരം, ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ ഈ ആപ്പ് ഒരാൾക്ക് ഒരേ സമയം ഒരാളെ മാത്രമേ മാച്ച് ചെയ്തു നൽകുകയുള്ളൂ.
മൂൺഷോട്ട് AI-യിലെ മുൻ സാങ്കേതികവിദ്യ മേധാവിയായിരുന്ന സെങ് സിൻക്സൺ സ്ഥാപിച്ചതാണ് ലിയാങ്പേയ്. ഉപയോക്താക്കൾ 20 മിനിറ്റ് ദൈർഘ്യമുള്ള ഒരു എഐ ചാറ്റിൽ പങ്കെടുത്താണ് ഇതിൽ പ്രൊഫൈൽ നിർമ്മിക്കുന്നത്. കുടുംബ പശ്ചാത്തലം, വിദ്യാഭ്യാസം, കരിയർ, താത്പര്യങ്ങൾ, ജീവിതരീതി, പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവയെല്ലാം ഈ പ്രൊഫൈലിൽ ഉൾപ്പെടും. ഒരാളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബന്ധങ്ങൾ കൂടുതൽ ഗൗരവമായി കൊണ്ടുപോകാൻ സഹായിക്കുമെന്നും, അത് വിജയിച്ചില്ലെങ്കിൽപ്പോലും ആത്മാർത്ഥമായ ആശയവിനിമയത്തിലൂടെയാണ് ആ തീരുമാനത്തിലെത്തിയതെന്ന് മനസ്സിലാക്കാനാകുമെന്നും സെങ് വ്യക്തമാക്കി.
തുടർന്ന് ഉണ്ടാകുന്ന പ്രണയ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ഒരു ‘AI സ്ട്രാറ്റജിസ്റ്റും’ ഇതിലുണ്ട്. നിലവിൽ 35,000-ത്തിലധികം ഉപയോക്താക്കളുള്ള ഈ ആപ്പിന് ഏകദേശം 21.11 കോടി രൂപ (15 ദശലക്ഷം യുവാൻ) ഫണ്ടിംഗും ലഭിച്ചിട്ടുണ്ട്.
അതേസമയം, ജനസംഖ്യാ നിരക്ക് കുത്തനെ കുറയുന്ന പ്രതിസന്ധി നേരിടുന്ന സിംഗപ്പൂർ, തങ്ങളുടെ സർക്കാർ ജീവനക്കാർക്കായി സെപ്റ്റംബറിൽ പുതിയൊരു ഡേറ്റിംഗ് ആപ്പ് പുറത്തിറക്കിയിരുന്നു. 21-നും 35-നും ഇടയിൽ പ്രായമുള്ള ജീവനക്കാർക്ക് പരസ്പരം പരിചയപ്പെടാനും അതിലൂടെ പങ്കാളികളെ കണ്ടെത്തി രാജ്യത്തെ ജനനനിരക്ക് വർദ്ധിപ്പിക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്. കൃത്യമായ ആൽഗരിതം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ആപ്പ്, ആളുകൾക്ക് കൂടുതൽ അടുത്ത ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാൻ സഹായിക്കും. 2025-ൽ സിംഗപ്പൂരിൽ ജനനനിരക്ക് 30,000-ത്തിൽ താഴെയായി കുറയുകയും ഒരു സ്ത്രീക്ക് 0.87 കുഞ്ഞുങ്ങൾ എന്ന രീതിയിലേക്ക് ഫെർട്ടിലിറ്റി നിരക്ക് തകരുകയും ചെയ്തിരുന്നു.




