രാജസ്ഥാനിലെ കോട്ടയിലുള്ള ഒരു ഹോസ്റ്റൽ മുറിയിൽ ഭിത്തിയിൽ ഉറപ്പിച്ച അലമാര പൊടുന്നനെ വിദ്യാർത്ഥിയുടെ കട്ടിലിലേക്ക് വീഴുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാർത്ഥി വൻ അപകടത്തിൽ നിന്നാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. പുറത്തുനിന്നുള്ള യാതൊരു ബലപ്രയോഗവുമില്ലാതെയാണ് സംഭവം നടന്നിരിക്കുന്നത്.
ഹോസ്റ്റലിൽ നിരന്തരം മോഷണം നടക്കുന്നതിനെത്തുടർന്ന് വിദ്യാർത്ഥി തന്നെ മുറിയിൽ സ്ഥാപിച്ച CCTV ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഒരു സാധാരണ രാത്രി നിമിഷനേരം കൊണ്ട് എങ്ങനെ ഒരു വൻ അപകടമായി മാറാമെന്നാണ് ഈ വീഡിയോ വ്യക്തമാക്കുന്നത്.
ചെറിയൊരു ഹോസ്റ്റൽ മുറിയിൽ പുസ്തകങ്ങൾക്കും മറ്റു സാധനങ്ങൾക്കും നടുവിൽ വിദ്യാർത്ഥി കട്ടിലിൽ കിടന്നുറങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. പെട്ടെന്നാണ് ഭിത്തിയിൽ ഉറപ്പിച്ചിരുന്ന വലിയൊരു വെള്ള അലമാര കട്ടിലിലേക്ക് ഒന്നിച്ച് ഊരിവീഴുന്നത്. അലമാരയിലുണ്ടായിരുന്ന പുസ്തകങ്ങളും മറ്റു സാധനങ്ങളും കട്ടിലിലേക്ക് ചിതറിവീണു. ആദ്യ നിമിഷങ്ങളിൽ വിദ്യാർത്ഥി പ്രതികരിച്ചില്ലെങ്കിലും, സെക്കൻഡുകൾക്ക് ശേഷം അവൻ പതിയെ എഴുന്നേറ്റ് ചുറ്റും നോക്കുകയും തുടർന്ന് മൊബൈൽ ഫോൺ കൈയിലെടുക്കുകയും ചെയ്തു. വലിയൊരു അലമാര നേരിട്ട് മേലേക്ക് വീണിട്ടും വിദ്യാർത്ഥി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
നിരന്തരമായ മോഷണശ്രമങ്ങൾ കാരണം തന്റെ സാധനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാനാണ് വിദ്യാർത്ഥി Ezviz CCTV ക്യാമറ മുറിയിൽ വച്ചിരുന്നത്. മോഷണം പിടികൂടാൻ വച്ച ക്യാമറയിൽ ഒടുവിൽ അപ്രതീക്ഷിതമായ അപകടത്തിന്റെ ദൃശ്യങ്ങൾ പതിയുകയായിരുന്നു. 2025 ഏപ്രിൽ 6 എന്ന ടൈംസ്റ്റാമ്പാണ് വീഡിയോയിലുള്ളത്. വിദ്യാർത്ഥികളുടെ താമസസ്ഥലങ്ങളിലെ സുരക്ഷയെക്കുറിച്ചും ഫർണിച്ചറുകളുടെ ഗുണനിലവാരത്തെക്കുറിച്ചും വലിയ ചോദ്യങ്ങളാണ് ഈ വീഡിയോ ഉയർത്തുന്നത്.
ഇന്ത്യയിലെ പ്രധാന പരിശീലന കേന്ദ്രങ്ങളിലൊന്നായ കോട്ടയിൽ മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ഹോസ്റ്റലുകളിലും പേയിംഗ് ഗസ്റ്റ് മുറികളിലുമായി താമസിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സംഭവം കോട്ടയിലെ ഹോസ്റ്റലുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്.




