നടി നവ്യാ നായർ ഈയിടെ തുടക്കമിട്ട വസ്ത്ര ബ്രാൻഡാണ് ‘എർത്ത് ബൈ നവ്യ’. ഫാഷനും പരമ്പരാഗത കൈത്തറി ശൈലികൾക്കും പ്രാധാന്യം നൽകുന്ന ഒരു ആശയം മുന്നോട്ടുവെച്ചാണ് നവ്യ ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. നവ്യ തന്നെയാണ് ബ്രാൻഡിന്റെ പ്രധാന മോഡലായി എത്തുന്നത്. ബ്രാൻഡിലെ വസ്ത്രങ്ങൾ പരിചയപ്പെടുത്തുന്നതിനിടയിൽ, ഏറെ ഇഷ്ടമുണ്ടായിട്ടും തനിക്ക് ധരിക്കാൻ കഴിയാതെപോയ ഒരു വസ്ത്രത്തെക്കുറിച്ച് നവ്യ പറഞ്ഞതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുന്നത്.
ഒരു സ്ലീവ്ലെസ് ഡീപ് ആം ഹോൾ ബ്ലൗസ് പരിചയപ്പെടുത്തുന്ന വീഡിയോയിലാണ് നവ്യ തന്റെ അനുഭവം തുറന്നുപറഞ്ഞത്. “ഇത് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ബ്ലൗസാണ്. ഒരു ദിവസം ഇത് ഇട്ടുനോക്കിയ ശേഷം അച്ഛനെയും അമ്മയെയും കാണിച്ചു. എന്നാൽ കൈയുടെ ഭാഗമൊക്കെ കണ്ടപ്പോൾ അത് ഇടേണ്ടെന്നും കയ്യിൽത്തന്നെ വെച്ചേക്കാനുമാണ് അവർ പറഞ്ഞത്. പക്ഷേ എനിക്ക് ഇത് വളരെ ഇഷ്ടമാണ്. കണ്ടവരെല്ലാം നന്നായിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും ഇടേണ്ട എന്ന് ഉപദേശിക്കുകയായിരുന്നു,” എന്ന് നവ്യ വ്യക്തമാക്കി. ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ തടസ്സമില്ലാത്ത, ഫാഷനബിൾ ആയ ആളുകൾ ഇത് വാങ്ങി ഉപയോഗിക്കണമെന്നും നവ്യ കൂട്ടിച്ചേർത്തു.
എന്നാൽ നവ്യയുടെ ഈ നിലപാടിനെ ചോദ്യം ചെയ്യുന്ന നിരവധി ആളുകളെ വീഡിയോയുടെ കമന്റ് ബോക്സിൽ കാണാം. “വളരെ കഴിവുള്ള നടിയും സാമ്പത്തിക സ്വയംപര്യാപ്തതയുള്ള ഒരു സ്ത്രീയുമായ താങ്കൾ, ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ മറ്റുള്ളവരുടെ അനുവാദം ചോദിക്കുന്നത് അവസാനിപ്പിക്കാനുള്ള ധൈര്യം കാണിക്കണം,” എന്നായിരുന്നു ഒരു കമന്റ്. എല്ലാവരെയും തൃപ്തിപ്പെടുത്താൻ നിന്നാൽ സ്വന്തം ഇഷ്ടങ്ങൾ നഷ്ടപ്പെടുമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, നവ്യ ഈ ബ്ലൗസ് ധരിച്ചുകൊണ്ടുള്ള വീഡിയോ ഉടൻ കാണാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നവരെയും കമന്റുകളിൽ കാണാം.
അഭിനയത്തിനും നൃത്തത്തിനും പുറമേയാണ് നവ്യ വസ്ത്ര വ്യാപാര മേഖലയിലേക്കും ചുവടുവെച്ചിരിക്കുന്നത്. മുൻപ് താൻ ഉപയോഗിച്ച വസ്ത്രങ്ങൾ സെക്കൻഡ് ഹാൻഡ് വിലയ്ക്ക് വിൽപ്പനയ്ക്ക് വെച്ച് നവ്യ വാർത്തകളിൽ ഇടംനേടിയിരുന്നു. അത്തരത്തിൽ വസ്ത്രങ്ങൾ വിറ്റുകിട്ടിയ തുക ഉപയോഗിച്ച് അഗതിമന്ദിരങ്ങളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകിയതും വലിയ രീതിയിൽ ചർച്ചയായിരുന്നു.




