Crime Featured

‘ഞാൻ ദൈവമാണ്, നീ എന്നെ അനുസരിക്കൂ’; ആത്മീയ പ്രഭാഷകൻ ഇന്ദ്രദേവ് മഹാരാജിനെതിരെ ലൈംഗിക പീഡന പരാതി, വീഡിയോ കോളിലൂടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി

ഉത്തർപ്രദേശിലെ വൃന്ദാവനത്തിലുള്ള സേവാധാം ആശ്രമത്തിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ കോളുകളിലൂടെ അശ്ലീല കൃത്യങ്ങൾ കാട്ടുകയും ചെയ്തുവെന്ന പൂനെ സ്വദേശിയായ വനിതാ ഭക്തയുടെ പരാതിയിൽ പ്രമുഖ പ്രഭാഷകൻ ഇന്ദ്രദേവ് മഹാരാജിനെതിരെ പോലീസ് കേസെടുത്തു.

കേസിനോട് ഇന്ദ്രദേവ് മഹാരാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പരാതിക്കാരിയും സാമൂഹിക പ്രവർത്തകയും നടത്തിയ വാർത്താസമ്മേളനത്തിൽ കൂടുതൽ സ്ത്രീകൾ ഇയാൾക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും നിലവിൽ ഒരു എഫ്.ഐ.ആറാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

2023-ൽ വൃന്ദാവനത്തിലെ സേവാധാം ആശ്രമത്തിൽ താമസിക്കുമ്പോൾ രാത്രിയിൽ ഇന്ദ്രദേവ് തന്നോട് മുറിയിലേക്ക് വരാൻ ആവശ്യപ്പെടുകയും വാതിലടച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു എന്ന് പരാതിക്കാരി പറയുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ആരോടെങ്കിലും പറയേണ്ടി വന്നാൽ മരുന്ന് വാങ്ങാൻ പോകുകയാണെന്ന് പറയാൻ ഇയാൾ നിർബന്ധിച്ചതായും പരാതിയിലുണ്ട്. പിന്നീട് വീഡിയോ കോളുകളിലൂടെ വസ്ത്രം അഴിപ്പിച്ച് അശ്ലീല കൃത്യങ്ങളിൽ ഏർപ്പെടുകയും അത് റെക്കോർഡ് ചെയ്യുകയും ചെയ്തതായി പരാതിക്കാരി ആരോപിച്ചു. ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും നാണംകെടുത്തുമെന്ന് ഭയപ്പെടുത്തി ചൂഷണം തുടരുകയും ചെയ്തു. “ഞാൻ ദൈവമാണ്, നീ എന്നെ അനുസരിക്കണം” എന്ന് ഇയാൾ തന്നോട് പറഞ്ഞതായും സ്ത്രീ വെളിപ്പെടുത്തി.

സോഷ്യൽ മീഡിയയിലൂടെ പ്രഭാഷണങ്ങൾ കണ്ടാണ് 2023-ൽ പരാതിക്കാരി ഇന്ദ്രദേവുമായി ബന്ധപ്പെടുന്നത്. പിന്നീട് മുംബൈ ശാന്താക്രൂസിൽ നടന്ന സത്സംഗത്തിൽ പങ്കെടുത്ത് ദീക്ഷ സ്വീകരിച്ചതോടെ ഇരുവരും തമ്മിലുള്ള ബന്ധം വളർന്നു. തന്റെ വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് വൃന്ദാവനത്തിലെ ആശ്രമത്തിലേക്ക് ക്ഷണിച്ചതെന്നും പരാതിക്കാരി പറയുന്നു.

നീതി ലഭിക്കുന്നതിനായി മാസങ്ങളായി ശ്രമിക്കുകയായിരുന്നെങ്കിലും മഥുരയിൽ തന്റെ പരാതി അവഗണിക്കപ്പെടുകയായിരുന്നുവെന്ന് സ്ത്രീ പറഞ്ഞു. ഭൂമാതാ ബ്രിഗേഡ് നേതാവും സാമൂഹിക പ്രവർത്തകയുമായ തൃപ്തി ദേശായി ഇടപെട്ടതോടെയാണ് സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് പൂനെയിൽ തൃപ്തി ദേശായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പരാതിക്കാരിയോടൊപ്പം മറ്റു ചില സ്ത്രീകളും പങ്കെടക്കുകയും പ്രഭാഷകനെതിരെ സമാനമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു.

പ്രഭാഷകനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും തൃപ്തി ദേശായി ആവശ്യപ്പെട്ടു. ചൂഷണത്തിനിരയായ മറ്റുള്ളവരുടെ മൊഴികളും രേഖപ്പെടുത്തണം. സ്ത്രീകളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, സ്ത്രീകൾ നിശബ്ദരായിരിക്കാതെ അനീതിക്കെതിരെ ശബ്ദമുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അവർ പറഞ്ഞു. ഇയാളിൽ നിന്ന് അനനുഭവം നേരിട്ട മറ്റ് സ്ത്രീകൾ ഭയം കൂടാതെ മുന്നോട്ടുവന്ന് പരാതി നൽകണമെന്നും തൃപ്തി ദേശായി അഭ്യർത്ഥിച്ചു.