പ്രശസ്ത തന്മാത്രാ ജീവശാസ്ത്രജ്ഞനും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (MIT) മുൻ പ്രൊഫസറുമായ ഡേവിഡ് സാബറ്റിനിയുടെ ജീവിതം അഞ്ച് വർഷം മുൻപാണ് കീഴ്മേൽ മറിഞ്ഞത്. കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കുന്ന ‘mTOR’ എന്ന പ്രോട്ടീനെക്കുറിച്ചുള്ള ഗവേഷണങ്ങളിലൂടെ നൊബേൽ സമ്മാനത്തിന്റെ വക്കിലെത്തിനിൽക്കെയാണ്, സഹപ്രവർത്തകയായ ക്രിസ്റ്റിൻ കനൗസ് ഇയാൾക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിക്കുന്നത്.
തുടർന്ന് വൈറ്റ്ഹൗസ് ഇൻസ്റ്റിറ്റ്യൂട്ടിലെയും എംഐടിയിലെയും ഉന്നത പദവികൾ സാബറ്റിനിക്ക് രാജിവെക്കേണ്ടിവന്നു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ലഭിക്കേണ്ടിയിരുന്ന പുതിയ ജോലി പ്രതിഷേധങ്ങളെത്തുടർന്ന് നഷ്ടപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് കടുത്ത വിഷാദരോഗത്തിലായ സാബറ്റിനി ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു.
എന്നാൽ, സാബറ്റിനി നൽകിയ മാനനഷ്ടക്കേസിൽ കഴിഞ്ഞ മാസം നിർണായക വിധിയുണ്ടായി. ക്രിസ്റ്റിൻ കനൗസ് ഉന്നയിച്ച ലൈംഗിക പീഡന ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയ സുഫോൾക്ക് കൗണ്ടി ജൂറി, സാബറ്റിനിക്ക് 6 ദശലക്ഷം ഡോളർ (ഏകദേശം 50 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകാൻ വിധിച്ചു. സാബറ്റിനിയുടെ കരിയറും പ്രശസ്തിയും തകർത്ത കേസിൽ കനൗസ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഇരുവരും തമ്മിലുണ്ടായിരുന്ന പരസ്പര സമ്മതത്തോടെയുള്ള ബന്ധം അവസാനിപ്പിച്ചതാണ് വ്യാജ ആരോപണങ്ങൾക്ക് പിന്നിലെന്ന് സാബറ്റിനി വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി ചില ടെക്സ്റ്റ് സന്ദേശങ്ങൾ പുറത്തുവന്നതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു. താൻ ക്രൂരമായ ലൈംഗിക ബന്ധങ്ങളെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് ഡെപ്പോസിഷനിടെ സാബറ്റിനിയുടെ വക്കീലിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ കനൗസിന് സമ്മതിക്കേണ്ടിവന്നു. 11 വർഷത്തെ പോരാട്ടത്തിനൊടുവിൽ കോടതിയിൽ നിന്ന് നീതി ലഭിച്ചെങ്കിലും, തനിക്ക് തന്റെ പഴയ ജീവിതവും കരിയറും പൂർണ്ണമായും നഷ്ടപ്പെട്ടതായി 58-കാരനായ സാബറ്റിനി വേദനയോടെ പറഞ്ഞു.




