Crime

ഭർത്താവിനെ തേടിയെത്തി, മകന് നേരെ തോക്കുചൂണ്ടി, യുവതിയെ കൂട്ട ബലാല്‍ത്സംഗം ചെയ്ത് പൊലീസുകാര്‍; 11 വര്‍ഷത്തിന് ശേഷം നീതി

ഉത്തർപ്രദേശിലെ സഹാറൻപൂരിൽ സഹായം തേടി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ വിരമിച്ച സർക്കിൾ ഓഫിസർ ബ്രിജ്മോഹൻ യാദവ്7, ഇൻസ്പെക്ടർ വേദപാൽ സിങ് എന്നിവർക്ക് 20 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. 11 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സഹാറൻപൂർ കോടതി ഈ നിർണായക വിധി പുറപ്പെടുവിച്ചത്.

2015 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യാജ കേസിൽ അറസ്റ്റിലായ ഭർത്താവിനെക്കുറിച്ചുള്ള വിവരങ്ങൾ തിരക്കാനായി യുവതി പത്താം ക്ലാസുകാരനായ മകനും മറ്റൊരു ബന്ധുവിനുമൊപ്പമാണ് സ്റ്റേഷനിലെത്തിയത്. എന്നാൽ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ യുവതിയോടും ബന്ധുവിനോടും അകത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് ഇരുവരെയും മുറിക്കുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയാണ് ചെയ്തത്. ബഹളം കേട്ടെത്തിയ മകനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും, വിവരം പുറത്തുപറഞ്ഞാൽ ഭർത്താവിനെതിരെ കൂടുതൽ വ്യാജ കേസുകൾ ചുമത്തി ജയിലിലടയ്ക്കുമെന്ന് ഭയപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

ഒടുവിൽ അലഹബാദ് ഹൈക്കോടതിയെ സമീപിച്ച ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായത്. കോടതി വിധിയിൽ അതിയായ സന്തോഷമുണ്ടെന്ന് അതിജീവിത പ്രതികരിച്ചപ്പോൾ, വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി.