Featured Spotlight

വന്‍ചതി!!! ഇ-20 അല്ല, ഇത് ഇ-31.2 ! E20 പെട്രോളില്‍ 31.2 ശതമാനം വരെ എഥനോള്‍; നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം

ബംഗളൂരു: ഇ-20 പെട്രോളിന്റെ മറവിൽ നടക്കുന്ന വലിയ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവിട്ട് കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി റിസ്‌വാൻ അർഷാദ്. പൊതുമേഖലാ, സ്വകാര്യ എണ്ണക്കമ്പനികൾ വിൽക്കുന്ന ഇ20 പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തിൽ കൂടുതൽ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞതായി വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി ശേഖരിച്ച 63 പെട്രോൾ സാമ്പിളുകൾ പരിശോധിച്ചതിൽ ഐ.ഒ.സിയുടെ പെട്രോളിൽ 31.2 ശതമാനവും, എച്ച്.പി.സി.എല്ലിൽ 30.5 ശതമാനവും, ബി.പി.സി.എല്ലിൽ 26.5 ശതമാനവും എഥനോൾ കണ്ടെത്തി. സ്വകാര്യ കമ്പനികളായ നയാര (26.1%), ഷെൽ (25.5%) എന്നിവയും നിശ്ചിത പരിധി ലംഘിച്ചവയിൽ ഉൾപ്പെടുന്നു.

ആദ്യം പൊതുമേഖലാ ലാബുകളിലേക്ക് അയച്ച സാമ്പിൾ റിപ്പോർട്ടുകളിൽ എഥനോളിന്റെ അളവ് ബോധപൂർവം ഒഴിവാക്കിയതിനെ തുടർന്ന്, എൻ.എ.ബി.എൽ, ഐ.എസ്.ഒ അംഗീകാരമുള്ള സ്വതന്ത്ര ലാബുകളിൽ പരിശോധിച്ചപ്പോഴാണ് ഈ ക്രമക്കേട് വ്യക്തമായതെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ 35 കോടിയോളം വരുന്ന വാഹനങ്ങളിൽ 99 ശതമാനവും 20 ശതമാനത്തിൽ കൂടുതൽ എഥനോൾ അടങ്ങിയ ഇന്ധനം ഉപയോഗിക്കാൻ അനുയോജ്യമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പരിധി ലംഘിച്ച എല്ലാ എണ്ണക്കമ്പനികൾക്കുമെതിരെ ശക്തമായ നടപടിയെടുക്കാൻ കേന്ദ്ര സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, എഥനോളിന്റെ അളവ് കൂടിയ ഇന്ധനം മൂലം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ച ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാനായി ‘ഇ20 സ്‌പോയിലേജ് ഫണ്ട്’ രൂപീകരിക്കുക, എല്ലാ പെട്രോൾ പമ്പുകളിലും എഥനോളിന്റെ അളവ് കൃത്യമായി പ്രദർശിപ്പിക്കുക, വിതരണം ചെയ്യുന്ന പെട്രോളിലെ യഥാർത്ഥ എഥനോൾ അളവ് പരസ്യപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.

പരിശോധനാ ഫലങ്ങൾ കേന്ദ്രത്തിന് കൈമാറുമെന്നും പരിശോധനകൾ തുടരുമെന്നും മന്ത്രി അറിയിച്ചു. ഇറക്കുമതിച്ചെലവ് കുറയ്ക്കാനും ആഭ്യന്തര എഥനോൾ ഉത്പാദനം പ്രോത്സാഹിപ്പിക്കാനുമാണ് കേന്ദ്ര സർക്കാർ എഥനോൾ ബ്ലെൻഡിങ് പദ്ധതി നടപ്പാക്കിയത്.