Crime

ഭാര്യയുൾപ്പെടെ ഏഴ് കുടുംബാംഗങ്ങളെ ആട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന് കാബ് ഡ്രൈവർ! മകളും കൂട്ടുനിന്നു?

ബംഗളൂരു: ആദ്യം ഭാര്യയേയും പിന്നീട് ഭാര്യാമാതാവ് ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേരെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹങ്ങൾ പല സ്ഥലങ്ങളിലായി തള്ളിയ സംഭവത്തിൽ കാബ് ഡ്രൈവറായ എസ്. ഇന്ദുശേഖർ (52) അറസ്റ്റിലായി. ഭാര്യ സുനിതയ്ക്ക് സ്വന്തം വീട്ടുകാരോടുള്ള അമിത താല്പര്യവും നിരന്തരം അവിടെ പോയി നിൽക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഇരുപത് വർഷമായി നിലനിന്നിരുന്ന കുടുംബതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിന്റെ പേരിൽ ഭാര്യാവീട്ടുകാരോട് ഇയാൾക്ക് കടുത്ത പകയുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി.

സുനിത, സുനിതയുടെ അമ്മ രൂപവതി, സഹോദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ശിവകുമാറിന്റെ ഏഴ് വയസ്സുള്ള മകൻ എന്നിവരെയാണ് രാജാജിനഗറിലെ വാടകവീട്ടിൽ വെച്ച് ഇന്ദുശേഖർ വധിച്ചത്. കേസിൽ ഇയാളുടെ 17 കാരിയായ മകളുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകങ്ങൾക്ക് പെൺകുട്ടിയും കൂട്ടുനിന്നിട്ടുണ്ടോയെന്നാണ് സംശയം.

കഴിഞ്ഞ വ്യാഴാഴ്ച ചിക്കബല്ലാപ്പൂർ നന്ദി ഹിൽസിന് സമീപത്ത് നിന്ന് ഏഴ് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടിൽ ഒരു ചടങ്ങ് നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് ബന്ധുക്കളെ ഓരോരുത്തരെയായി ഒറ്റമുറി വീട്ടിലേക്ക് വിളിച്ചുവരുത്തി അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. തുടർന്ന് മൃതദേഹങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിച്ചു. എന്നാൽ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാക്കി ആറ് മൃതദേഹങ്ങൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ബംഗളൂരു പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ച അമ്മിക്കല്ലും മൃതദേഹങ്ങൾ കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആദ്യം ഭാര്യ സുനിതയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുണിയിൽ പൊതിഞ്ഞ് നന്ദി ഹിൽസിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. സുനിത കൂട്ടുകാരുമൊത്ത് യാത്ര പോയതാണെന്ന് അയൽവാസികളെ വിശ്വസിപ്പിച്ച ശേഷമാണ് സഹോദരന്മാരായ ശിവകുമാറിനെയും ശങ്കറിനെയും വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി വധിച്ചത്. തുടർന്ന് മറ്റ് കുടുംബാംഗങ്ങളെയും സമാന രീതിയിൽ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹങ്ങൾ മാറ്റിയ രീതിയെക്കുറിച്ചും കൃത്യത്തിന്റെ ക്രമത്തെക്കുറിച്ചും ഉദ്യോഗസ്ഥർ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വീടിനുള്ളിലെ രക്തക്കറ കഴുകിക്കളയാൻ രാസവസ്തുക്കൾ ഉപയോഗിച്ചതായും പോലീസ് സംശയിക്കുന്നു.