ബെംഗളൂരുവിലെ ബെന്നാർഘട്ടിനു സമീപം ഹൊമ്മദേവനഹള്ളിയിൽ കാറിടിയിൽനിന്ന് രക്ഷപ്പെടാൻ കബാബ് കടയിലേക്ക് ഓടിക്കയറിയ യുവാക്കൾക്ക് തിളച്ച എണ്ണ വീണ് ഗുരുതരമായി പൊള്ളലേറ്റു. നിയന്ത്രണംവിട്ടെത്തിയ എസ്‌യുവിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച ഈ നടുക്കുന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഹൊമ്മദേവനഹള്ളിയിലെ കബാബ് റസ്റ്ററന്റിനു മുന്നിൽ ഭക്ഷണം കഴിക്കാൻ കാത്തുനിൽക്കുകയായിരുന്ന യുവാക്കൾ, ബ്രേക്ക് ചവിട്ടി വാഹനം നിരങ്ങിവരുന്ന ശബ്ദം കേട്ടാണ് കടയ്ക്കുള്ളിലേക്ക് ഓടിക്കയറിയത്. എന്നാൽ നിയന്ത്രണംവിട്ടെത്തിയ എസ്‌യുവി ഇവർ നിന്നിരുന്ന ഭാഗത്തേക്ക് തന്നെ ഇടിച്ചുകയറുകയും വഴിയിലുണ്ടായിരുന്ന ബൈക്കുകളിലും കടയുടെ പടികളിലും ഇടിച്ചുനിൽക്കുകയുമായിരുന്നു.
ഇതിനിടെ കാറിടിച്ച് തെറിച്ച ബൈക്ക് കടയ്ക്കുള്ളിലേക്ക് പറന്നുവീണ് പാചകോപകരണങ്ങളിൽ ഇടിച്ചതോടെയാണ് തിളച്ച എണ്ണ യുവാക്കളുടെ ദേഹത്തേക്ക് തെറിച്ചുവീണത്. പൊള്ളലേറ്റ മൂന്നുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ എസ്‌യുവിയും വാഹനമോടിച്ച യുവതിയും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.




