കോട്ടയം കുമാരനല്ലൂരിൽനിന്ന് ഇന്നലെ വൈകിട്ട് കാണാതായ നിമിഷ ഷാജി (26)യെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവ് സ്വദേശിയായ യുവതിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് പൊലീസ് സംഘം തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു.
ഇന്ന് രാവിലെ ഏഴുമണിയോടെ കുമാരനല്ലൂർ വടക്കേ നടയ്ക്ക് സമീപമുള്ള മീനച്ചിലാറിന്റെ കൈവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ കോട്ടയത്തുനിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം മൃതദേഹം കരയ്‌ക്കെത്തിച്ചു. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




